ബഡി ഡൈവ് വിജയം ; തായ് ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി

അസാധ്യമെന്നു കരുതിയത് സാധ്യമാക്കിയതിന്റെ ആശ്വാസത്തിലാണ് ലോകം. തായ്ലണ്ടിലെ താം ലുവാങ് നാം ഗുഹയില് കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി.രാവിലെ 10.08നാണ് നാലു കുട്ടികളെയും ഫുട്ബാൾ കോച്ചിനെയും പുറത്തെത്തിക്കാനുള്ള മുങ്ങൽ വിദ്ഗധരുടെ മൂന്നാംഘട്ട ദൗത്യം തുടങ്ങിയത്. വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് 15 ദിവസമായി ഗുഹയിൽ കുടുങ്ങിയ കുട്ടികളും ഫുട്ബാൾ കോച്ചും അടക്കം 13 അംഗ സംഘത്തിൽ നാലു കുട്ടികളെ ആദ്യഘട്ടത്തിൽ പുറത്തെത്തിച്ചത്. തുടർന്ന് തിങ്കളാഴ്ച നാലു കുട്ടികളെ കൂടി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുന്നതിനു മുമ്പ് കുട്ടികളെ ഡോക്ടർ പരിശോധിച്ച് അവർക്ക് ശാരീരിക, മാനസികക്ഷമതയുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു.
ജൂൺ 23നാണ് 11നും 16നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബാൾ പരിശീലകനും ഗുഹയിൽ കുടുങ്ങിയത്. 10 ദിവസത്തിനു ശേഷമായിരുന്നു ഇവർ ജീവനോടെ ഗുഹയിലുണ്ടെന്ന് രണ്ട് ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. തുടർന്ന് ഇവർക്കാവശ്യമായ ഒാക്സിജൻ സിലിണ്ടറുകളും ഭക്ഷണവും തായ് അധികൃതർ എത്തിച്ചു.
മഴ ശക്തമായതിനാൽ കുട്ടികൾ നാലു മാസം ഗുഹയിൽ കഴിയേണ്ടി വരുമെന്നാണ് അധികൃതർ ആദ്യം കണക്കു കൂട്ടിയിരുന്നത്. അതിനിടെ, ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് പുറത്തെത്തിക്കാനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചു. എന്നാൽ, അടുത്ത നാലുമാസം തായ് ലാന്റിൽ കനത്ത മഴയുടെ സീസൺ ആയതിനാൽ രക്ഷാദൗത്യം വേഗത്തിലാക്കുകയായിരുന്നു.
50 വിദേശ മുങ്ങൽ വിദഗ്ധരും 40 തായ്ലാൻറുകാരായ മുങ്ങൽ വിദഗ്ധരും ആണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 18 അംഗ മുങ്ങൽ വിദഗ്ധ സംഘമാണ് ഗുഹയുടെ ഉള്ളിൽ കടന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.
ഗുഹയിൽ വെള്ളം ഉയരുമോ എന്ന ആശങ്കയും ചളി നിറഞ്ഞ ‘ടി. ജങ്ഷൻ’ എന്ന ഇടുങ്ങിയ തുരങ്കഭാഗവുമാണ് മുങ്ങൽ സംഘത്തിനു മുന്നിൽ ഏറെ വെല്ലുവിളിയായത്. കുട്ടികൾക്ക് ഒാക്സിജൻ സിലിണ്ടർ എത്തിച്ച മുങ്ങൽ വിദഗ്ധൻ സനൻ ഗുനൻ ശ്വാസം കിട്ടാെത ഗുഹയിൽ മരിച്ചത് ആശങ്കക്ക് കാരണമായിരുന്നു.
https://www.facebook.com/Malayalivartha






















