പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അറസ്റ്റ് വരിക്കാനെത്തിയത് അര്‍ബുദ രോഗത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുന്ന ഭാര്യയോട് വിട പറഞ്ഞ്...

ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ആശുപത്രിയില്‍ അര്‍ബുദരോഗത്തോട് മല്ലിട്ട് ചികിത്സയില്‍ കഴിയുന്ന പത്‌നി കുല്‍സൂമിനോട് വിടപറഞ്ഞാണ് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പാകിസ്താനിലേക്ക് പുറപ്പെട്ടത്. ആശുപത്രിമുറിയില്‍ നിറകണ്ണുകളോടെ ഭാര്യയെ തലോടുന്ന ശരീഫിന്റെയും അതുകണ്ട് കണ്ണുതുടക്കുന്ന മകള്‍ മര്‍യമിന്റെ ചിത്രവും വേദന പകരുന്നതാണ്. അഴികള്‍ക്കുള്ളിലായാല്‍ ജീവനോടെ ഇനി ഇങ്ങനെയൊരു കൂടിക്കാഴ്ചയുണ്ടാകില്ലെന്ന് ശരീഫിനറിയാം. കുല്‍സൂമിന്റെ നില അതീവ ഗുരുതരമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഒരുമാസത്തിലേറെയായി ജീവന്‍ നിലനിര്‍ത്തുന്നത്.
പാക് ഫോട്ടോഗ്രാഫര്‍ ട്വിറ്ററില്‍ പങ്കുവെച്ച ഈ ചിത്രം മര്‍യം റീട്വീറ്റ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം നിരവധിപേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ''ശിക്ഷയനുഭവിക്കാന്‍ ഞാനും മകളും ഉടന്‍ തിരിച്ചെത്തുകയാണ്. അവരെന്നെ തൂക്കിലേറ്റുകയാണെങ്കില്‍, ത്യാഗത്തിലൂടെയല്ലാതെ സ്വാതന്ത്ര്യം നിലനില്‍ക്കില്ല എന്നു ഞങ്ങള്‍ മനസ്സിലാക്കും. വന്റെിലേറ്ററില്‍ കഴിയുന്ന ഭാര്യയെ ഉപേക്ഷിച്ചുള്ള യാത്ര അത്ര എളുപ്പമുള്ള ഒന്നല്ല, എന്നാല്‍ ഞങ്ങള്‍ തിരിച്ചുവരുകയാണ്; ഈ പോരാട്ടത്തില്‍ ഞങ്ങളുടെ ചുമതല നിര്‍വഹിക്കാനായി. തടവറയിലെ അഴികള്‍ കണ്‍മുന്നില്‍ കാണുന്നുവെങ്കിലും ഞാന്‍ മടങ്ങിവരുകയാണ്.''പുറപ്പെടും മുമ്പ് ലണ്ടനിലെത്തിയ അനുയായികളോട് ശരീഫ് പറഞ്ഞ വാക്കുകള്‍.
ഇത്തിഹാദ് എയര്‍വേസിന്റെ അബൂ ദബി വിമാനത്തില്‍ ലണ്ടനില്‍നിന്ന് വൈകീട്ടോടെയാണ് ശരീഫ് ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
https://www.facebook.com/Malayalivartha






















