നാട് ഭരിച്ച് മുടിച്ച് പണ്ടാരമടക്കുന്ന കുറേ ആണ്‍സിംഹങ്ങളുടെ മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പെണ്‍പ്രസിഡന്റ് ; ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിൽക്കുന്നതിന് പിന്നിലെ കാരണം...

കൊളീന്ദ ഗ്രാബര്‍-കിതാരോവിച് . വയസ്സ് അമ്പത്, പ്രൗഢയും അതിസുന്ദരിയും അതീവചടുലയുമായ ക്രോയേഷ്യന്‍ പ്രസിഡന്റ്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് രണ്ട് കാരണങ്ങളാല്‍. അതിലൊന്ന് റഷ്യയിലെ ലോകകപ്പ് ഫുട്ബാള്‍ വേദിയിലെ അവരുടെ സാന്നിധ്യം. ഇപ്പോള്‍ ഫൈനലിലെത്തി നില്‍ക്കുന്ന ടീമാണല്ലോ ക്രോയേഷ്യ. സെഗ്‌രെബില്‍ നിന്നും മോസ്‌കോയിലേക്ക് അവര്‍ വന്നത് ഇകോണമി ക്ലാസ്സില്‍. സാധാരണ ടിക്കറ്റെടുത്ത് സ്‌റ്റേഡിയത്തില്‍ സാധാരണ കാണികള്‍ക്കൊപ്പം ഇരുന്ന അവര്‍ റഷ്യന്‍ പ്രധാനമന്ത്രി നിര്‍ബ്ബന്ധിച്ചപ്പോഴാണത്രേ വി.ഐ.പി ലോഞ്ചിലേക്ക് മാറിയത്. ക്രോയേഷ്യന്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ്, ജയിച്ചപ്പോള്‍ ടീമംഗങ്ങളെ നേരിട്ടു ചെന്നഭിനന്ദിച്ച്, അവര്‍ക്കൊപ്പം അവരിലൊരാളായി. ആ ടീമിലെ ഓരോ അംഗവും മാതൃനിര്‍വിശേഷമായ അവരുടെ സാന്നിധ്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുന്നുണ്ടായിരുന്നു.
രണ്ടാമത്തെത് ബിക്കിനിയും ധരിച്ച് ഒരു പുരുഷനോടൊപ്പം കടപ്പുറത്ത് രാസലീലകളാടുന്ന അവരുടെ ചിത്രങ്ങള്‍ വൈറലായതാണ്. എന്നാല്‍ ഉടനെത്തന്നെ അത് ഫെയ്കാണെന്ന് തെളിഞ്ഞു. ആ ചിത്രങ്ങള്‍ അവരുടേതല്ല. അവരുമായി മുഖസാദൃശ്യമുള്ള അമേരിക്കന്‍ മോഡല്‍ കൊക്കൊ ഓസ്റ്റിനും അവരുടെ ഭര്‍ത്താവും. ഏത് കേന്ദ്രത്തില്‍ നിന്നാണ് അങ്ങനെയൊന്ന് പൊട്ടിപ്പുറപ്പെട്ടതെന്നറിയില്ല. അത് നമ്മുടെ വിഷയവുമല്ല.
റിപബ്ലിക് ഒഫ് ക്രൊയേഷ്യയെ ക്രൊയേഷ്യക്കാര്‍ വിളിക്കുന്നത് റിപബ്ലിക്ക ഹര്‍വാത്സ്‌ക (Ripublica Hrvatska) എന്നാണ്. ചില സ്ഥലപ്പേരുകള്‍ അങ്ങനെയാണ്. ഒരു exonym ഉം ഒരു endonym ഉം ഉണ്ടാകും. ഉദാഹരണത്തിന് ജര്‍മന്‍കാര്‍ ജര്‍മനിക്ക് പറയുന്ന പേര് ഡോയ്ച്‌ലാന്‍ഡ് (Deutshland) എന്നാണ്. അതിന്റെ ഇംഗ്ലീഷ് എക്‌സോനിം ആണ് ജര്‍മനി. ജര്‍മനിക്ക് തന്നെ ഫ്രഞ്ചില്‍ വേറൊരു എക്‌സോനിം ഉണ്ട്. അല്‍മാന്യ (Allemagne). ക്രൊയാട്ട് എന്നറിയപ്പെടുന്ന ethnic ന്റെ രാജ്യമാണ് ക്രൊയേഷ്യ. ക്രൊയേഷ്യ കഴിഞ്ഞാല്‍ ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയിലാണ് ക്രൊയാട്ടുകള്‍ ഉള്ളത്. ക്രൊയാട്ടുകളുടെ ഭാഷയില്‍ ആ എത്‌നിക്കിന്റെ പേര് ഹര്‍വതി എന്നാണ്. അതായത്, ക്രൊയാട്ട് എന്നറിയപ്പെടുന്ന ജനവിഭാഗത്തിന്റെ autonym (സ്ഥലത്തിന് പറയുന്ന എന്‍ഡോനിം ജനസമൂഹത്തിന്റെ കാര്യത്തിലാകുമ്പോള്‍ ഓട്ടോനിം ആകും, ജര്‍മന്‍കാരുടെ ഓട്ടോനിം ആണ് ഡോയ്ച്) ഹര്‍വതി (Harvati) എന്നാണ്.
രസകരമായ മറ്റൊരു വസ്തുതയെന്തെന്നാല്‍, ഈ ഹര്‍വാത്സ്‌ക, ഹര്‍വതി എന്നീ പേരുകള്‍ വന്നിരിക്കുന്നത് പ്രാചീന ഇറാനിയന്‍ ഭാഷയില്‍ നിന്നാണ്.
എസ്.എഫ്.ആര്‍ യൂഗോസ്‌ലാവിയയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം ക്രോയേഷ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്നതാണ് ചരിത്രത്തില്‍ കൊളീന്ദ ഗ്രാബര്‍-കിതാരോവിച്ചിനുള്ള സ്ഥാനം. അതുമാത്രവുമല്ല, ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്നതും. 2015ല്‍ സ്ഥാനമേറ്റെടുക്കുമ്പോള്‍ അവര്‍ക്ക് വയസ്സ് നാല്‍പത്തേഴ്.
ആര്‍ജവമുള്ള ഒരു പെണ്ണ് അധികാരമേറ്റെടുത്താല്‍ എന്ത് പരിവര്‍ത്തനമാണ് സമൂഹത്തിനുണ്ടാവുക എന്നതിന് തെളിവാണ് ഗ്രാബര്‍-കിതാരോവിച്ചിന്റെ ഭരണം. പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതിന് മുന്നേ തന്നെ ഒട്ടേറെ ഗവണ്‍മെന്റല്‍, ഡിപ്ലൊമാറ്റിക് ചുമതലകള്‍ അവര്‍ വഹിച്ചിരുന്നു. യു.എസ്സിലെ ക്രോയേഷ്യന്‍ അംബാസഡര്‍, നാറ്റോവിന്റെ അസി. സെക്രട്ടറി ജനറല്‍ എന്നിവയുള്‍പ്പെടെ. എല്ലാത്തിലും അവര്‍ നേടിയ വിജയമാണ് അവരെ പ്രസിഡന്റ് പദവിയില്‍ കൊണ്ടെത്തിച്ചത്.
2010ല്‍ അവരുടെ ഭര്‍ത്താവ് യാക്കോവ് കിതാരോവിച്ചുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടായി. യു.എസ് അംബാസഡറായിരുന്ന ഭാര്യയുടെ ഔദ്യോഗിക വാഹനം സ്വകാര്യാവശ്യത്തിനുപയോഗിച്ചത്രേ. ക്രോയേഷ്യന്‍ മന്ത്രിസഭ ഒരു ആഭ്യന്തരാന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ, കൊളീന്ദ ഗ്രാബര്‍-കിതാരോവിച് ഭര്‍ത്താവ് സ്വകാര്യാവശ്യത്തിന് കാര്‍ ഉപയോഗിച്ചതിന്റെ പണം കൃത്യമായി പിഴയടക്കം അടച്ചു.
സ്വന്തം ഷൂ പോളിഷ് ചെയ്യുന്ന ലിങ്കനെപ്പറ്റി പഠിച്ചിട്ടുണ്ടല്ലോ. ക്രോയേഷ്യന്‍ പ്രസിഡന്റ് സ്വന്തം ഔദ്യോഗികവസതി പെയിന്റ് ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു.
ഇവര്‍ അധികാരത്തില്‍ വന്ന ശേഷം,
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തി,
പ്രസിഡന്റിന്റെ ശമ്പളം മുപ്പത് ശതമാനത്തോളം കുറച്ചു (ഏതാണ്ട് രാജ്യത്തെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മാത്രം തോതില്‍ എത്തിച്ചു), മന്ത്രിമാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും പല അലവന്‍സുകളും റദ്ദ് ചെയ്തു,
ഔദ്യോഗികയാത്രകള്‍ സാധാരണ വിമാനത്തിലാക്കി, വരുമാന നികുതി പരിധി ഉയര്‍ത്തുകയും സാധാരണക്കാരെ നികുതിഭാരത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു.
ആഭ്യന്തരയുദ്ധങ്ങളുടെ വിളനിലമാണല്ലോ ബാള്‍ക്കന്‍ പ്രദേശങ്ങള്‍. സെര്‍ബ്, ക്രൊയാട്ട്, ബോസ്‌നിയാക്, അല്‍ബേനിയന്‍ തുടങ്ങിയ സ്‌ലാവ് വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുന്ന പ്രദേശം. സ്വാഭാവികമായും തകര്‍ന്നടിഞ്ഞുപോയ രാജ്യത്തിന് സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കാനുള്ള യത്‌നങ്ങളിലേര്‍പ്പെട്ടു അവര്‍. അത് പക്ഷേ, നമ്മുടെ ഭരണാധികാരികള്‍ ചെയ്യുന്നത് പോലെയല്ല. സ്വകാര്യവല്‍ക്കരണത്തെ നിരുല്‍സാഹപ്പെടുത്തുന്നതിനെപ്പറ്റി പറഞ്ഞു. രാജ്യത്തിന് സാമ്പത്തിക വരുമാനം ഉണ്ടാക്കുന്ന പദ്ധതികള്‍ക്കല്ലാതെ കടങ്ങള്‍ സ്വീകരിക്കില്ല എന്നതാണ് അവരുടെ മറ്റൊരു നിലപാട്. എന്തായാലും നാട് ഭരിച്ച് മുടിച്ച് പണ്ടാരമടക്കുന്ന കുറേ ആണ്‍സിംഹങ്ങളുടെ മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നു ഈ പെണ്‍പ്രസിഡന്റ്.
രാഷ്ട്രീയമായ ചില വിയോജിപ്പുകളും കൂടി പറയേണ്ടതുണ്ട്. ക്രോയേഷ്യന്‍ ഡെമോക്രറ്റിക് യൂനിയന്‍ ആണ് ഇവരുടെ പാര്‍ട്ടി (Hrvatska Demokratska Zajednica/ HDZ). ഒരു സെന്റര്‍-റൈറ്റ് പൊലിറ്റിക്കല്‍ പാര്‍ട്ടിയാണ് ഇത്. ലിബറല്‍ കണ്‍സര്‍വേറ്റിവിസം, ക്രിസ്ത്യന്‍ ഡെമോക്രസി, പ്രോ-യൂറോപ്യനിസം എന്നിവയാണ് അടിസ്ഥാന നിലപാടുകള്‍. പാര്‍ട്ടി സ്ഥാപകനായ ഫ്രാഞ്‌ജോ തുഡ്മാന്‍ രാഷ്ട്രീയധനകാര്യ നിലപാടുകളില്‍ താച്ചറിസത്തെ പിന്തുടരുന്ന ആളാണ്.
എന്നാല്‍ ക്രോയാട്ട് ദേശീയതയാണ് മുഖ്യ അടിസ്ഥാനം. അതിന്റെ അടിസ്ഥാനത്തിലാവാം, തൊണ്ണൂറുകളിലെ ബാള്‍ക്കന്‍ കലാപങ്ങളോടനുബന്ധിച്ച് ബോസ്‌നിയന്‍ മുസ്‌ലിംകള്‍ക്ക് നേരെ ക്രോയാട്ടുകള്‍ നടത്തിയ കൂട്ടക്കൊലയില്‍ ആറു പേരെ ഹേഗിലെ ലോകകോടതി 2017 നവംബറില്‍ ശിക്ഷിച്ചപ്പോള്‍ അതിനെ ഇവര്‍ ശക്തമായി അപലപിച്ചു. ആറുപേരിലൊരാളായ സ്‌ലൊബോദാന്‍ പ്രല്‍ജാക് വിധി പ്രസ്താവത്തെത്തുടര്‍ന്ന് കോടതിയില്‍ വെച്ചു തന്നെ ആത്മഹത്യ ചെയ്തിരുന്നു. പ്രല്‍ജാക്കിനെ ക്രൊയാട്ടുകളുടെ വീരപുരുഷനായി ഗ്രാബര്‍-കിതാരോവിച് വാഴ്ത്തി.
പരമ്പരാഗത ക്രിസ്തീയ മൂല്യങ്ങളോട് പ്രതിബദ്ധത തുറന്ന് പ്രഖ്യാപിച്ചിട്ടുള്ള കൊളീന്ദ ഗ്രാബര്‍-കിതാരോവിച് ഉറച്ച റോമന്‍ കത്തോലിക്കാ വിശ്വാസിയാണ്. ക്രൊയാട്ട് ദേശീയതയുമായി ബന്ധപ്പെട്ട ചായ്‌വ് ഒഴിച്ചുനിര്‍ത്തിയാല്‍ മതത്തെ അവര്‍ പ്രതിബദ്ധതയും മൂല്യങ്ങളുമായിത്തന്നെ വായിക്കുകയും അത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha






















