നരേന്ദ്ര മോദിയുടെ അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര ആഫ്രിക്കന്‍ പര്യടനത്തിനു തുടക്കം; റുവാണ്ട പ്രസിഡന്റ് പോള്‍ കാഗമിന് 200 പശുക്കളെ മോദി സമ്മാനിക്കും

നരേന്ദ്രമോദി വിദേശപര്യടനങ്ങള്‍ക്കായി 1484 കോടി രൂപ ചെലവായെന്ന വാര്‍ത്ത സര്‍ക്കാര്‍ അറിയിച്ചതിനുപിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു പല ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. 42 വിദേശ പര്യടനങ്ങളിലായി 84 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. 2018 ല്‍ ഇതുവരെ പത്തുരാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചു കഴിഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര ആഫ്രിക്കന്‍ പര്യടനത്തിനു തുടക്കമായി. 27 വരെ റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണു സന്ദര്‍ശിക്കുക. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോദി. സംഭവബഹുലമായ പാര്‍ലമെന്റ് സമ്മേളനത്തിനും വിദേശയാത്രാ ചെലവ് വിവാദത്തിനും പിന്നാലെയാണു മോദിയുടെ ആഫ്രിക്കന്‍ പര്യടനം.
'ഗിരിങ്ക' പദ്ധതിയുടെ ഭാഗമായി റുവാണ്ട പ്രസിഡന്റ് പോള്‍ കാഗമിന് 200 പശുക്കളെ മോദി സമ്മാനമായി നല്‍കും. പാവപ്പെട്ട കുടുംബങ്ങള്‍ക്കായി റുവാണ്ട ഭരണകൂടം ആരംഭിച്ച പദ്ധതിയാണിത്. ഒരു കുടുംബത്തിന് ഒരു പശു എന്നതാണ് ആശയം. ഇതിലേക്കുള്ള ഇന്ത്യയുടെ സംഭാവനയാണ് 200 പശുക്കള്‍. ലോകത്തില്‍ ഏറ്റവുമധികം സ്ത്രീ പ്രാതിനിധ്യമുള്ള പാര്‍ലമെന്റാണ് റുവാണ്ടയിലേത്. മൂന്നില്‍ രണ്ട് ജനപ്രതിനിധികളും വനിതകളാണ്. റുവാണ്ടയുടെ തലസ്ഥാനമായ കിഗലി പൊതുഗതാഗത സംവിധാനങ്ങളുടെ കൃത്യതയ്ക്കും വൃത്തിക്കും പേരുകേട്ട നാടാണത്.
രണ്ട് ദിവസത്തെ ഉഗാണ്ട സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിനേയും ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യും. അവിടെനിന്നും ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറിള്‍ റാമഫോസയുമായി കൂടിക്കാഴ്ച. ബ്രിക്‌സ് ഉച്ചകോടിയിലും പങ്കെടുക്കും. ആഫ്രിക്കയുമായി ശക്തമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha






















