രാഷ്ട്രീയ വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കിടെ പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു, രാവിലെ ആറിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും

രാഷ്ട്രീയ വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കിടെ പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ആറിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. ഇന്ന് തന്നെ ഫലവും പുറത്തുവരും. പാകിസ്ഥാന്‍ മുസ്ലിംലീഗ് നവാസ് സ്ഥാനാര്‍ത്ഥിയും നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷെരീഫ്, തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ എന്നിവരാണ് സുപ്രധാന സ്ഥാനാര്‍ത്ഥികള്‍. പാകിസ്ഥാന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തിരഞ്ഞെടുപ്പ് കാലമായിരുന്നു ഇത്.
കഴിഞ്ഞ ദിവസം ലാഹോറിലുണ്ടായ ചാവേറാക്രമണത്തില്‍ ഒരു സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. ജൂലായ് 13ന് ബലൂചിസ്ഥാനിലെ തിരഞ്ഞെടുപ്പു റാലിക്കുനേരെയുണ്ടായ ഐസിസ് ചാവേറാക്രമണത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പിലേക്ക് ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
പാകിസ്ഥാന്‍ മുസ്ലിംലീഗ് നവാസും പട്ടാളവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കെ, പട്ടാളം തിരഞ്ഞെടുപ്പില്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന. 3.70 ലക്ഷം സൈനികരെയാണ് രാജ്യമെങ്ങും സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ ചരിത്രത്തില്‍ തന്നെ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
https://www.facebook.com/Malayalivartha























