തടവിലാക്കിയിരിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിചാരണ ആവശ്യപ്പെട്ട് ബെയ്ജിംഗില്‍ പൊതുനിരത്തില്‍ വച്ച് നാല് സ്ത്രീകള്‍ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു

മനുഷ്യാവകാശപ്രവര്‍ത്തകനും വക്കീലുമായ വാന്‍ കുസാങ്ങിനെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് കുസാങ്ങിന്റെ ഭാര്യയും മറ്റ് മൂന്നു വനിതകളും രംഗത്തുവന്നു. ഇവര്‍ ബെയ്ജിങ്ങിലെ തെരുവില്‍ വച്ച് തങ്ങളുടെ തല മൊട്ടയടിച്ചാണ് സര്‍ക്കാരിനോടും കോടതിയോടുമുള്ള പ്രതിഷേധം പ്രകടിപ്പിച്ചത്. മൊട്ടയടിച്ച ശേഷം ഇവര്‍ മാധ്യമങ്ങളോട് സംസാരിച്ചു.
സ്ത്രീകളുടെ കൂട്ടത്തിലെ ലി വെന്‍സുവിന്റെ ഭര്‍ത്താവിനെ 2015 -ലാണ് തടവിലാക്കിയത്. ഇതുവരെ വിചാരണ ചെയ്യപ്പെട്ടിട്ടില്ല. ഇക്കാര്യം പറഞ്ഞ് 31 തവണ താന്‍ സുപ്രീം കോടതിയെ സമീപിച്ചുവെന്ന് ലി വെന്‍സു പറയുന്നു. പക്ഷെ, താന്‍ കൊണ്ടുവന്ന ഡോക്യുമെന്റ് കൈമാറാന്‍ പോലും കോടതിക്കകത്തേക്ക് തന്നെ പ്രവേശിപ്പിച്ചില്ല. നിയമാനുസൃതമായി അദ്ദേഹം വിചാരണ ചെയ്യപ്പെടണമെന്നും കേസുകള്‍ തീര്‍പ്പാക്കണമെന്നുമാണ് ലി വെന്‍സുവിന്റെ ആവശ്യം.
വീണ്ടും തടയപ്പെട്ടതിനെ തുടര്‍ന്നാണ് ലി വെന്‍സുവും മറ്റ് മൂന്നുപേരും തല മൊട്ടയടിക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തത്. പൊലീസ് സംഭവസ്ഥലത്ത് എത്തുകയും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ സ്ത്രീകള്‍ സംഘടിപ്പിച്ച പത്രസമ്മേളനം തടസപ്പെടുത്താനും കൂടിനിന്നവരെ പിരിച്ചുവിടാനും ശ്രമിച്ചു.
വിചാരണ പോലും ചെയ്യാതെ വാങ്ങിനെ, ഇങ്ങനെ തടവില്‍ പാര്‍പ്പിക്കുന്നത് തെറ്റാണ് എന്നും അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നും ലി വെന്‍സു ആവശ്യപ്പെട്ടു. അത് സാധിച്ചില്ലെങ്കില്‍ നിരന്തരം പ്രതിഷേധിക്കും, വലിയ പ്രതിഷേധ മാര്‍ഗങ്ങളിലേക്ക് തിരിയുമെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























