മെക്സിക്കന്‍ മതില് ബില്ലിന്റെ പേരില്‍ അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക്...
മെക്സിക്കന്‍ മതില് ബില്ലിന്റെ പേരില്‍ അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മെക്സിക്കന്‍ മതില്ബില് പാസാക്കാന്‍ സെനറ്റ് വിസമ്മതിച്ചാല്‍ ഭരണസ്തംഭനം ഉണ്ടാവുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷം പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. സെനറ്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. 100 അംഗ സെനറ്റില്‍ 51 അംഗങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗസംഖ്യ.
60 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ ബില്‍ പാസാകുകയുള്ളൂ. ഡെമോക്രറ്റിക് പാര്‍ട്ടി ബില്ലിനെ പിന്തുണക്കില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ ന്യൂക്ലിയര്‍ ഓപ്ഷന് വേണമെന്നാണ് ട്രംപിന്റെ ആവശ്യം. 60 അംഗങ്ങളുടെ പിന്തുണക്ക് പകരം 51 പേരുടെ പിന്തുണയില്‍ ബില്‍ പാസാക്കുന്നതാണ് ന്യൂക്ലിയര്‍ ഓപ്ഷന്. എന്നാല്‍, റിപ്പബ്ലിക്കന്‍ പക്ഷം ഇതിനോട് അനുകൂലമല്ല.ഭരണസ്തംഭനം ഉണ്ടായാല്‍ അത് ആഭ്യന്തര സുരക്ഷാ, ഗതാഗതം, കാര്‍ഷികം, നീതിന്യായം എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിലക്കാന് ഇടയാക്കും. എട്ടു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതുവഴി ശമ്പളം നഷ്ടമാകും. പുതുവര്‍ഷം വരെ ഭരണസ്തംഭനം നീണ്ടു നിന്നേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ നേരത്തെ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡെമോക്രറ്റുകള്‍ ഭൂരിപക്ഷം നേടിയതാണ് ട്രംപിന് തിരിച്ചടിയായത്. ആയിരം കോടി ഡോളര്‍ നിര്‍മാണ ചെലവ് വരുന്ന മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില് നിര്‍മാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് പ്രചാരണം നടക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha