വിവാഹിതരാകാതെ കൈകള്‍ കോര്‍ത്തുപിടിച്ച അഞ്ചു ജോഡി കമിതാക്കള്‍ക്ക് ഇന്തോനേഷ്യയില്‍ കിട്ടിയ ശിക്ഷ അല്‍പം കടുപ്പം

ലൈംഗിക ചേഷ്ടകള്‍ കാട്ടിയതിന് പിടിക്കപ്പെട്ട അഞ്ചു ജോഡി കമിതാക്കള്‍ക്ക് ഇന്തോനേഷ്യയില്‍ ചൂരലടി. കടുത്ത ഇസഌമിക നിയമം പരിപാലിക്കപ്പെടുന്ന ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ആലിംഗന ബദ്ധരാകുകയും കൈകള്‍ കോര്‍ത്തു പിടിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കടുത്ത ഇസഌമിക നിയമം പരിപാലിക്കുന്ന സുമാത്ര ദ്വീപില്‍ മദ്യപാനവും സ്വവര്‍ഗ്ഗരതിയും ചൂതുകളിയും നിരോധിച്ചിരിക്കുകയാണ്. വിവാഹിതരല്ല എന്നതാണ് യുവാക്കളും യുവതികളും ശിക്ഷയ്ക്ക് വിധേയരാകാന്‍ കാരണമായത്.
വിവാഹം കഴിച്ചിട്ടില്ലാത്ത ഇവരില്‍ ചിലര്‍ ലൈംഗിക തൃഷ്ണയോടെ ആലിംഗന ബദ്ധരായിരുന്നു. മറ്റു ചിലരാകട്ടെ കൈകള്‍ കോര്‍ത്തു പിടിച്ചു. ചിലര്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരുന്നതായിട്ടും റിപ്പോര്‍ട്ടുണ്ട്. നാലു മുതല്‍ 22 ചൂരലടി വരെയാണ് ഇവര്‍ക്ക് വ്യാഴാഴ്ച കിട്ടിയത്. ബന്ദാ അക്കേയിലെ മോസ്‌ക്കിന് തൊട്ടു പുറത്ത് വെച്ച് കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ നോക്കി നില്‍ക്കേ ആയിരുന്നു ശിക്ഷ നടപ്പാക്കിയത്. അടിയേറ്റ് ശിക്ഷയ്ക്ക് ഇരയായവര്‍ പുളയുകയായിരുന്നു. ചൂരല്‍ വടിക്കുള്ള അടിക്ക് പുറമേ ഇവര്‍ക്ക് മാസങ്ങളോളം ജയിലിലും കിടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ജനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനാണ് ഈ ശിക്ഷയിയെന്ന് മതകാര്യ ഉദ്യോഗസ്ഥന്‍ സാഫ്രിയാദി പറഞ്ഞു. പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടികളെ ലൈംഗികതയ്ക്ക് ഉപയോഗിച്ചതിന് പിടിയിലായ രണ്ടുപേര്‍ക്ക് 100 അടി നല്‍കിയ സംഭവം ഡിസംബറില്‍ അക്കേയിലാണ് നടന്നത്. അതേസമയം ഇത്തരം പ്രാകൃത ശിക്ഷകള്‍ക്കെതിരേ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം ശിക്ഷകള്‍ നിര്‍ത്താന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ആവശ്യപ്പെടുന്നുണ്ടെങ്കിലും അക്കെയിലെ ജനങ്ങള്‍ ഇത്തരം ശിക്ഷാ നടപടികളെ അനുകൂലിക്കുന്നു എന്നതാണ് പ്രശ്നം.
https://www.facebook.com/Malayalivartha

























