ആഗോള താപനത്തിന്റെ ഫലമായി അതിവേഗം മഞ്ഞുരുകുന്ന എവറസ്റ്റില്‍ മൃതദേഹങ്ങളുടെ കൂട്ടം

ഇപ്പോള്‍ എവറസ്റ്റില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ചരിത്രത്തിലെ പുതിയ തലങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കാന്‍ പുറപ്പെടുന്നവരേറെയാണ്. ഇക്കൂട്ടത്തില്‍ ചിലര്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യും. മറ്റു ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടമാകും.
ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ തിരികെയെത്തിക്കുന്ന പതിവില്ല. ഇതിന് ചെലവാകുന്ന ഭീമമായ തുക തന്നെയാണ് കാരണം. ഒരു മൃതദേഹം താഴ്വാരത്തിലെത്തിക്കാന്‍ കുറഞ്ഞത് 25 മുതല്‍ 50 ലക്ഷം രൂപ വരെ ചെലവാകും. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥ വ്യതിയാനം എവറസ്റ്റിനെയും ബാധിച്ചിരിക്കുകയാണ്.
എവറസ്റ്റില്‍ അനാഥമായി കിടക്കുന്ന മൃതദേഹങ്ങള്‍ ഇപ്പോള്‍ പുറംലോകത്തിനു മുന്നിലേക്കെത്തുകയാണ്. മഞ്ഞു മൂടി കിടന്നിരുന്ന മൃതദേഹങ്ങളാണ് ആഗോള താപനത്തിന്റെ ഫലമായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ വര്‍ധിച്ച ചൂടില്‍ മഞ്ഞുരുകല്‍ ശക്തമായത് എവറസ്റ്റിനെയും ബാധിച്ചിരിക്കുന്നു. അടുത്തിടെ യാത്രയ്ക്കിടെ മരണപ്പെട്ട ചിലരുടെ മൃതദേഹങ്ങള്‍ ഷെര്‍പ്പകള്‍ താഴ്വാരത്തിലേക്കെത്തിച്ചു.

എന്നാല്‍ ആരുടേതാണെന്നു പോലും അറിയാതെ ഇപ്പോള്‍ തെളിഞ്ഞുവരുന്ന മൃതദേഹങ്ങള്‍ എങ്ങോട്ടു കൊണ്ടുപോകും എന്തു ചെയ്യും എന്നതില്‍ ഇപ്പോഴും അവ്യക്തതയാണ്. പല മൃതദേഹങ്ങളും പാറക്കല്ലുകള്‍ കൊണ്ടു മൂടി പ്രാര്‍ഥനകളോടെ ചിലയിടത്തായി അടക്കുന്നുണ്ട്.
എവറസ്റ്റ് യാത്രയ്ക്കു പോകുന്നവര്‍ക്ക് ഇത്തരം മൃതദേഹങ്ങള്‍ കാണുമ്പോഴുള്ള മാനസികാഘാതം മറികടക്കാന്‍ പ്രത്യേക പരിശീലനം പോലും നല്‍കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഈ പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും നേപ്പാള്‍ മൗണ്ടനീയറിങ് അസോസിയേഷന്‍ പറയുന്നു.
https://www.facebook.com/Malayalivartha

























