മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പുതിയ പ്രമേയവുമായി അമേരിക്ക; ആസൂത്രിത നീക്കം ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ

ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പുതിയ പ്രമേയവുമായി അമേരിക്ക. യുഎന്‍ രക്ഷാസമിതിയിലാണ് അമേരിക്ക പ്രമേയം കൊണ്ടുവന്നത്. ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെയാണ് നീക്കം. അതേസമയം ചൈന വീണ്ടും വീറ്റോ അധികാരം പ്രയോഗിക്കാതിരിക്കാന്‍ അമേരിക്ക ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ചൈനയുടെ നിലപാടുകള്‍ക്കെതിരെ അമേരിക്ക രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. മുസ്ലീം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന കാണിക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു. ഒരു ഭാഗത്ത് മുസ്ലീങ്ങളെ സ്വന്തം രാജ്യത്ത് അടിച്ചമര്‍ത്തുന്ന നയമാണ് ചൈന സ്വീകരിക്കുന്നത്. അതേസമയം മറുഭാഗത്ത് ചൈന മുസ്ലീം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി മൈക്ക് പോംപിയോ ട്വിറ്ററില്‍ കുറിച്ചു.
പതിനഞ്ച് അംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയിലുള്ളത്. പ്രമേയം അംഗീകരിച്ചാല്‍ മസൂദിന് മേല്‍ നിരവധി നിയന്ത്രണങ്ങള്‍ വരും. ലോകമെമ്പാടുമുള്ള ഇയാളുടെ സ്വത്തുവകകള്‍ മരവിപ്പിക്കും. ഇതിന് പുറമെ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും, ആയുധങ്ങള്‍ ശേഖരിക്കാന്‍ അനുമതി നിഷേധിക്കപ്പെടുകയും ചെയ്യും.
അല്‍ഖ്വയ്ദയുമായി മസൂദിനുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ടാണ് അമേരിക്ക ഇയാള്‍ക്കെതിരായ പ്രമേയം കൊണ്ടുവന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ മസൂദാണെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അല്‍ഖ്വയ്ദ, ഐഎസ്‌ഐഎസ് ഉപരോധ പട്ടികയില്‍ മസൂദിനെയും ചേര്‍ക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയേക്കും. രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാന്‍ പിടിക്കുന്നത് ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറാണ്.
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉപരോധം ഏര്‍പ്പെടുത്തിയ തീവ്രവാദസംഘടനകളില്‍ ഒന്നാണ് ജയ്‌ഷെ മുഹമ്മദ്. എന്നാല്‍ മസൂദ് അസ്ഹര്‍ ഇപ്പോഴും ഇന്ത്യാ പാക് അതിര്‍ത്തിക്കടുത്ത് പാകിസ്ഥാന്റെ മൂക്കിന് തൊട്ടുതാഴെ വിഹരിക്കുകയാണ്. 1999ല്‍ ഖാണ്ഡഹാറില്‍ വച്ച് ഭീകരര്‍ റാഞ്ചിയ ഇന്ത്യന്‍ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി വിട്ടയച്ച മസൂദ് അസ്ഹര്‍, പിന്നീട് രാജ്യത്തിന് എന്നും തലവേദനയായി മാറി. ജമ്മു
കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മസൂദ് അസഹ്‌റിനെ 1994ല്‍ പിടികൂടിയിരുന്നു. എന്നാല്‍ 1999ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനറാഞ്ചലോടെ ചിത്രം മാറി. ഖാണ്ഡഹാറിലേക്ക് കൊണ്ടു പോയ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ജയിലില്‍ നിന്ന് മസൂദ് അസ്ഹറിനെ വിട്ടക്കേണ്ടി വന്നു. തിരിച്ച് കറാച്ചിയിലെത്തിയ മസൂദ്, പതിനായിരം പേര്‍ തിങ്ങി നിറഞ്ഞ പൊതു സമ്മേളനത്തില്‍ പറഞ്ഞിതങ്ങനെ. ''ഇന്ത്യയെ നശിപ്പിക്കാതെ മുസ്ലികള്‍ക്ക് സമാധാനമായി ഉറങ്ങാനാവില്ല. കശ്മീരിനെ എന്തു വില കൊടുത്തും മോചിപ്പിക്കും.''
പിന്നീട് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിച്ച് തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുകയായിരുന്നു മസൂദ് അസ്ഹര്‍. 2008ലെ മുംബൈ സ്‌ഫോടന പരമ്പര, 2016ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസ്ഹറാണ്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഒരു വര്‍ഷം വീട്ടു തടങ്കലില്‍ ആക്കിയതൊഴിച്ചാല്‍ ഒരു നിയമനടപടിയും പാകിസ്ഥാന്‍ കൈക്കൊണ്ടില്ല.
ജയ്‌ഷെ മുഹമ്മദിനെ പിന്നീട് ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ചു. എന്നാല്‍ മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം നടപ്പിലായില്ല. പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ചൈന ഈ നീക്കം എതിര്‍ത്തു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് വീണ്ടും യുഎന്നില്‍ ഈ ആവശ്യം ഉയര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം. നിലപാടു മാറ്റാന്‍ ചൈനയ്ക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ഇന്ത്യയിപ്പോള്‍.
എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ തയ്യാറല്ലെന്ന സൂചനയാണ് ചൈനയിപ്പോള്‍ നല്‍കുന്നത്. ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായി ചൈനീസ് വിദേശകാര്യവക്താവ് ഗെംഗ് ഷുവാങ് വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ചൈന യോജിച്ചില്ല.
https://www.facebook.com/Malayalivartha

























