പുതുതായി ഉണ്ടാക്കിയ മരുന്നുകള്‍ മനുഷ്യര്‍ക്ക് നല്‍കാനാവുമോ, അവയില്‍ വിഷഘടകം എന്തെങ്കിലുമുണ്ടോ എന്ന് പരീക്ഷിച്ചറിയുന്ന എല്‍ പി ടി ലാബില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹൃദയഭേദകം!

ക്രുവല്‍റ്റി ഫ്രീ ഇന്റര്‍നാഷനല്‍ (സിഎഫ്ഐ) എന്ന സംഘടന ആ വിഡിയോ പുറത്തുവിട്ടത് 'കുട്ടികള്‍ കാണരുത്' എന്ന മുന്നറിയിപ്പോടെയായിരുന്നു. ജര്‍മനിയിലെ ഹാംബര്‍ഗിനു സമീപം ലബോറട്ടറി ഓഫ് ഫാര്‍മക്കോളജി ആന്‍ഡ് ടോക്സിക്കോളജിയില്‍(എല്‍പിടി) ക്രുവല്‍റ്റി ഫ്രീ ഇന്റര്‍നാഷനല്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിനിടെ പകര്‍ത്തിയതായിരുന്നു ഞെട്ടിക്കുന്ന ആ ദൃശ്യങ്ങള്‍.
മൃഗങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്കും മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്കും എതിരെ ലോകമെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ത്തുന്നതിന് ഒന്‍പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയ്ക്കു സാധിച്ചു.
യൂറോപ്പിലെയും മറ്റു രാജ്യങ്ങളിലെയും മരുന്നു കമ്പനികളും വ്യവസായ ശാലകളും കീടനാശിനി നിര്‍മാതാക്കളും രാസവള നിര്‍മാതാക്കളുമെല്ലാം തങ്ങളുടെ ഉല്‍പന്നങ്ങള്‍ ടെസ്റ്റ് ചെയ്യാനെത്തിക്കുന്ന ലാബാണ് എല്‍പിടി. ഉല്‍പന്നങ്ങളില്‍ എത്രമാത്രം വിഷാംശമുണ്ടെന്ന് അറിയാനാണ് ഇവ മൃഗങ്ങളില്‍ പരീക്ഷിക്കുന്നത്. മൃഗങ്ങളില്‍ വിവിധ വസ്തുക്കള്‍ കുത്തിവച്ച് ടോക്സിസിറ്റി ടെസ്റ്റ് നടത്തുന്നതാണു പതിവ്. ഇതോടൊപ്പം അവയ്ക്ക് കഴിക്കാനും കൊടുക്കും. ചില രാസവസ്തുക്കള്‍ ശ്വസിപ്പിച്ചും പരീക്ഷിക്കും. ചിലത് കണ്ണിലേക്കൊഴിച്ചും പരീക്ഷണം നടത്താറുണ്ട്. എത്ര വേഗം ഇവയുടെ ദൂഷ്യഫലങ്ങള്‍ മൃഗങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നാണു നിരീക്ഷിക്കുന്നത്.
രാജ്യാന്തര തലത്തില്‍ നിര്‍ദേശിച്ചിട്ടുള്ള സംരക്ഷണ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു ഇവയെ വളര്‍ത്തിയിരുന്നത്്്്. കുരങ്ങുകളിലും നായ്ക്കളിലും പൂച്ചകളിലും മുയലുകളിലും പ്രാകൃതമായ രീതിയിലായിരുന്നു പരീക്ഷണം. സോക്ക ടിയെര്‍ഷ്യൂട്സ് എന്ന എന്‍ജിഒയ്ക്കൊപ്പം ചേര്‍ന്നായിരുന്നു സിഎഫ്ഐയുടെ അന്വേഷണം. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതാണ് സോക്ക എന്‍ജിഒ.
വിഡിയോയിലെ കാഴ്ചകള്‍ പ്രകാരം, ചെറിയ കൂടുകളിലായിരുന്നു മൃഗങ്ങളെ ലാബില്‍ പാര്‍പ്പിച്ചിരുന്നത്. കുരങ്ങുകളെ അനങ്ങാന്‍ പോലും അനുവദിക്കാത്ത വിധം ചങ്ങലയ്ക്കിട്ടിരിക്കുന്നു. അവയുടെ ദേഹത്ത് നമ്പറുകളും എഴുതിയിരുന്നു. പ്ലാസ്റ്റര്‍ കൊണ്ട് കൈകാലുകള്‍ കെട്ടിയും ദേഹം മുഴുവന്‍ പലതരം വയറുകള്‍ ഘടിപ്പിച്ച് വിഷവസ്തുക്കള്‍ കുത്തിവച്ചുമാണ് കുരങ്ങുകളിലെ പരീക്ഷണം. ഏറ്റവും ക്രൂരത ഏറ്റുവാങ്ങുന്നതും ഇവയാണ്. കുരങ്ങുകളിലൊന്ന് പരീക്ഷണത്തിനിടെ കുതറിമാറാന്‍ ശ്രമിക്കുമ്പോള്‍ ലാബ് ടെക്നിഷ്യന്‍ അതിന്റെ തല ഇരുമ്പു കൊണ്ടുള്ള കൂടിന്റെ വാതിലില്‍ ആഞ്ഞടിക്കുന്നതു കാണാം. കുരങ്ങുകളുടെ കഴുത്തില്‍ കുരുക്കിട്ടാണ് മരുന്നു പരീക്ഷണം നടത്തുന്നത്. പലതും വേദനയോടെ നിലവിളിക്കുന്നതും കാണാം. കുരങ്ങുകളുടെയും നായ്ക്കളുടെയും വായിലേക്ക് കുഴല്‍ കുത്തിയിറക്കി വിവിധ വസ്തുക്കള്‍ ഒഴിച്ചു കൊടുക്കുന്ന കാഴ്ചയും ഞെട്ടിക്കുന്നതാണ്. ഇവ പുറത്തേക്കു തുപ്പാനാകും മുന്‍പു തന്നെ പലതും വിഷത്തിന്റെ വീര്യം കാരണം മരിച്ചുവീഴുന്നു.
മിക്ക പരീക്ഷണങ്ങളും അവസാനിക്കുന്നത് മൃഗങ്ങളെ പരിതാപകരമായ അവസ്ഥയിലാക്കി മാറ്റിയാണ്. രക്തവും വിസര്‍ജ്യവും നിറഞ്ഞ കൂടുകളിലായിരുന്നു നായ്ക്കളെ സൂക്ഷിച്ചിരുന്നത്. ചിലയിടത്ത് അവയെ തലകീഴായി തൂക്കിയിട്ടിരിക്കുന്നു. പൂച്ചകളെ നിര്‍ബന്ധിച്ചു വിഷം നിറഞ്ഞ ഭക്ഷണം കഴിപ്പിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഭൂരിപക്ഷം മൃഗങ്ങളും ചാവുകയാണു പതിവ്. നായ്ക്കള്‍ക്ക് വിവിധ ഗുളികകള്‍ തിന്നാന്‍ നല്‍കി അവയെ കൂട്ടിലടക്കുന്നതാണ് ഒരു രീതി. ഇതിനെത്തുടര്‍ന്നാണ് രക്തം ഛര്‍ദിച്ചതിനാലും വിസര്‍ജ്യത്താലും കൂടുകള്‍ നിറയുന്നത്. കൊല്ലുന്ന പരീക്ഷണത്തിനു കൊണ്ടുപോകുമ്പോഴും സ്നേഹത്തോടെ വാലാട്ടുന്ന നായ്ക്കളുടെ കാഴ്ച ഹൃദയഭേദകമാണെന്നും അന്വേഷണം നടത്തിയ സോക്ക പ്രതിനിധി പറയുന്നു.
പൂച്ചകള്‍ക്ക് ദിവസവും 13 ഇഞ്ചക്ഷനുകള്‍ വരെ നല്‍കിയാണു പരീക്ഷണം. ഒരു മൃഗത്തിനും വേദനസംഹാരി പോലും നല്‍കുന്നില്ല. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനു പരിശീലനം ലഭിച്ചവര്‍ പോലുമില്ല. അതിനാല്‍ത്തന്നെ അതിക്രൂരമാണ് ലാബ് ടെക്നിഷ്യന്മാരുടെ പ്രവര്‍ത്തനം. സംഭവത്തില്‍ ലാബിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ എല്‍പിടിയില്‍ ആദ്യമായല്ല ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതെന്നതും അധികൃതരുടെ അനാസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. 2015-ല്‍ ഇവിടെ ഒന്‍പതു തവണ പരിശോധന നടത്തിയിരുന്നു. അതില്‍ ഏഴും അപ്രതീക്ഷിതമായി നടത്തിയതായിരുന്നു. അന്നും മൃഗങ്ങളില്‍ പ്രാകൃതപരീക്ഷണങ്ങള്‍ നടക്കുന്നതായി തെളിഞ്ഞിരുന്നെങ്കിലും ലാബ് പ്രവര്‍ത്തനം തുടരുകയായിരുന്നു. മൃഗങ്ങളില്‍ പരീക്ഷണം നടത്തുന്നതു നിയന്ത്രിക്കാന്‍ തക്കവിധം നിയമങ്ങളും ശക്തമല്ല ജര്‍മനിയില്‍. ഇതാണ് വിവിധ രാജ്യങ്ങള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പരീക്ഷിക്കാന്‍ ജര്‍മനിയെ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണവും. എല്‍പിടിയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷണത്തിന്റെ പേരില്‍ മൃഗങ്ങള്‍ക്കെതിരെ ക്രൂരതയാണ് നടക്കുന്നതെന്നു പറയുന്നു മൃഗസ്നേഹികള്‍.
https://www.facebook.com/Malayalivartha