മേട്ടുപ്പാളയത്ത് വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണു; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു; തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. 12 സ്ത്രീകളും മൂന്ന് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് മരിച്ചത്.
മേട്ടുപ്പാളയത്തിനടത്ത് നാഡൂരില്‍ എഡി കോളനിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലർച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയില്‍ മതില്‍ വീടുകള്‍ക്ക് മേല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കല്‍ മതിലാണ് ഇടിഞ്ഞുവീണത്.
ഗുരു (45), രാമനാഥ് (20), അനന്ദകുമാര്‍ (40), ഹരിസുധ (16), ശിവകാമി (45), ഓവിയമ്മാള്‍ (50), നാദിയ (30), വൈദേഗി (20), തിലഗവതി (50), അറുകാണി (55), രുക്കുമണി (40), നിവേത (18), ചിന്നമ്മാള്‍ (70), അക്ഷയ (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ പേരുകള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചില്‍ തുടരുകയാണ്.
തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. രണ്ടു ദിവസത്തിനിടെ തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി. പലയിടത്തും വെള്ളം പൊങ്ങി ജനജീവിതം താറുമാറായിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഊട്ടി മേട്ടുപ്പാളയം റൂട്ടില്‍ മരപ്പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.
അടിയന്തിര സാഹചര്യം നേരിടുന്നതിന് എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയില്‍ 176 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യംവന്നാല്‍ ഉപയോഗിക്കുന്നതിന് ബോട്ടുകളും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 630 പമ്പുകളും ശുചീകരണ യന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രണ്ടു ദിവസമായി തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്രാസ്, അണ്ണാ സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.അതേസമയം, അറബിക്കടലിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തും തെക്കുകിഴക്ക് ഭാഗത്തുമായി രണ്ട് ന്യൂനമർദ്ദങ്ങൾ രൂപംകൊണ്ടതു കാരണം അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മഴ ശക്തിപ്പെടാനും ഇടയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു.രണ്ടുദിവസമായി നിലക്കാതെ പെയ്യുന്ന മഴയാണ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നത്. ഇറാനില്‍ നിന്ന് ഉത്ഭവിച്ച ചുഴലിക്കാറ്റ് ഹിമാലയം കടന്ന് കിഴക്കന്‍ തീരങ്ങളെ ബാധിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ റോഡ് ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. കാരക്കല്‍, കര്‍ണ്ണാടകയുടെ തെക്കന്‍ ഭാഗങ്ങള്‍, കൈരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മഴ രണ്ടുദിവസംകൂടി കനക്കുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റ് അറബിക്കടലിനെ ചുറ്റി ലക്ഷദ്വീപിനേയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
കനത്ത മഴയെ തുടർന്ന് പുതുച്ചേരിയിലെ ശങ്കരഭരണി നദി കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത ജാഗ്രതയാണ് ഇവിടെ പ്രഖ്യാപിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണസേന രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha