പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങി ദുബായ്ൽ; ലോകം ഇനി ദുബായിലേക്ക്... ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 26 മുതൽ തുടങ്ങും വിൽപ്പനയിലും സന്ദർശകരുടെ എണ്ണത്തിലും റെക്കോഡ് നേട്ടം കൈവരിച്ച് ഓരോവർഷവും മുന്നേറുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡി.എസ്.എഫ്.) 26-ന് തുടക്കമാകും. ഡി.എസ്.എഫിന്റെ 25-ാമത് പതിപ്പാണിത്. 2020 ഫെബ്രുവരി ഒന്നിന് മേള അവസാനിക്കും.
മേഖലയിലെ ഏറ്റവുംമികച്ച ഷോപ്പിങ് മാമാങ്കത്തിൽ പങ്കെടുക്കാൻ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകൾ സമഗ്രപരിപാടികളുമായി പങ്കാളിത്തം ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ 25 വർഷമായി ഡി.എസ്.എഫുമായി സഹകരിക്കുന്ന ദുബായിലെ പ്രമുഖ റീട്ടെയിലർമാർ, മാൾ ഓപ്പറേറ്റർമാർ എന്നിവർ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റു(ഡി.എഫ്.ആർ.ഇ)മായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തി.
മികച്ചവിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉയർത്താനും സന്ദർശകർക്ക് മികച്ച ഷോപ്പിങ്ങ് അനുഭവം നൽകാനും പൊതു, സ്വകാര്യ മേഖലകളുടെ സഹായത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന സാംസ്കാരിക പരിപാടികളും കാർണിവലുകളും മറ്റ് വിനോദ പരിപാടികളും മേളയുടെ തിളക്കം വർധിപ്പിക്കും. കുട്ടികൾക്കു മാത്രമായി വിവിധ പരിപാടികളും അണിനിരത്തിയിട്ടുണ്ട്. ഷോപ്പിങ്ങ് മാളുകളും ഗ്ലോബൽ വില്ലേജുമൊക്കെയാണ് എല്ലാ തവണത്തെയുംപോലെ ഇത്തവണയും ഡി.എസ്.എഫിന്റെ മുഖ്യആകർഷണം. ദുബായിലെ 18 പ്രമുഖ റീട്ടെയിൽ, മാൾ ഗ്രൂപ്പുകളുടെ പിന്തുണ ഡി.എസ്.എഫിനുണ്ട്.
ലോകത്തെ പ്രമുഖ ഷോപ്പിങ് വിനോദകേന്ദ്രമായി ദുബായിയെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കാനാകുന്നതിൽ അഭിമാനിക്കുന്നുവെന്ന് നഖീൽ മാൾസ് മാനേജിങ് ഡയറക്ടർ ഒമർ ഖൂരി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ഡി.എഫ്.ആർ.ഇയുമായുള്ള ബന്ധം വളർത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഒമർ പറഞ്ഞു. യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിലെ പ്രധാന ഷോപ്പിങ് മാളുകളുടെ മാനേജിങ് ഡയറക്ടർ ഫുവാദ് മൻസൂർ ഷറഫ്, ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒ.യുമായ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നിലേഷ് വേദ്, ജി.എം.ജി. ഡെപ്യൂട്ടി ചെയർമാനും സി.ഇ.ഒ.യുമായ മുഹമ്മദ് എ. ബേക്കർ, മെറാസ് ചീഫ് മാൾസ് ഓഫീസർ സാലി യാക്കൂബ്, അൽ-ഫുത്തൈം മാളുകളുടെ ഗ്രൂപ്പ് ഡയറക്ടർ തിമോത്തി എർനെസ്റ്റ് തുടങ്ങിയവരും ലോകോത്തര ഷോപ്പിങ് വിനോദ കേന്ദ്രമെന്ന നിലയിൽ ദുബായുടെ മൂല്യത്തെ കൂടുതൽ ഉയർത്തിക്കാട്ടുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha