രോഗം ബാധിച്ച് 11 ദിവസം കഴിഞ്ഞവരില്‍ നിന്നും രോഗം പകരില്ലെന്ന് സിംഗപ്പുര്‍ പഠനം

വൈറസ് ബാധയുണ്ടായി 11 ദിവസമായ കോവിഡ് രോഗികളില്‍നിന്ന് രോഗം പകരില്ലെന്ന് ഒരു സിംഗപ്പുര്‍ പഠനം. രോഗികളുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്നു കരുതി പകരാന്‍ ശേഷിയുളള വൈറസാണെന്നു കരുതേണ്ടതില്ലെന്ന് സിംഗപ്പുര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസും അക്കാദമി ഓഫ് മെഡിസിനും ചേര്‍ന്നു നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
നഗരത്തിലെ 73 രോഗികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് രോഗബാധയുണ്ടായി 11 ദിവസത്തിനു ശേഷം വൈറസിനെ വേര്‍തിരിച്ചെടുക്കാനോ കള്‍ച്ചര്‍ ചെയ്യാനോ കഴിയില്ലെന്ന വിവരം പുറത്തുവിട്ടത്.
11 ദിവസം കഴിഞ്ഞ രോഗികളിലെ 'വൈറല്‍ അളവ്' പരിശോധിച്ചു വൈറസിന്റെ ക്ഷമതയും പകരാനുള്ള കഴിവും വിലയിരുത്തിയാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ വിലയിരുത്തിയതില്‍നിന്നു രോഗലക്ഷണങ്ങളുള്ള ആളില്‍നിന്നു ലക്ഷണങ്ങള്‍ തുടങ്ങുന്നതിനു രണ്ടു ദിവസം മുന്‍പു മുതല്‍ രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണു കണ്ടെത്തല്‍. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ഏഴു മുതല്‍ പത്തു ദിവസം വരെ രോഗം പകരാനും സാധ്യയുണ്ടെന്നു പഠനത്തില്‍ പറയുന്നു.
വൈറസിന്റെ പെരുകല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറയും. രണ്ടാഴ്ച കഴിയുന്നതോടെ ക്ഷമതയുള്ള വൈറസിന്റെ സാന്നിധ്യം ഇല്ലാതാകുമെന്നും ഗവേഷകര്‍ അറിയിച്ചു. റിപ്പോര്‍ട്ട് വന്നതോടെ രോഗികളെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്ന നടപടിക്രമത്തില്‍ മാറ്റം വന്നേക്കാമെന്നാണു സൂചന.
ഇപ്പോള്‍ ആശുപത്രിയില്‍നിന്നു വിടുന്നത് പരിശോധനാ ഫലം നെഗറ്റീവ് ആയവരെ മാത്രമാണ്. 31,068 പേര്‍ക്കാണു സിംഗപ്പുരില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 13,882 പേര്‍ (45ശതമാനം) ആശുപത്രി വിട്ടു. ശനിയാഴ്ച മാത്രം 642 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ രണ്ടു മുതല്‍ പ്രീസ്‌കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ പരിശോധനയാണു നടത്തിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha