കോവിഡ് രോഗികള്‍ കൂടുന്നു... ഇന്ത്യയിലുള്ള പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന... ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്സുകാര്‍ തുടങ്ങിയവര്‍ക്കാണ് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ അവസരം

ഇന്ത്യയില്‍ കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ തീരുമാനം. ചൈനീസ് പൗരന്‍മാര്‍ക്ക് തിരികെ പോവാനായി പ്രത്യേക വിമാനം ഒരുക്കിയതായി ന്യൂഡല്‍ഹി ചൈനീസ് എംബസി വെബ്സൈറ്റില്‍ പറയുന്നു. ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്‌കാര്‍ തുടങ്ങിയവര്‍ക്കാണ് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ അവസരം ലഭിച്ചിരിക്കുന്നത്. മടങ്ങാനാഗ്രഹിക്കുന്നവര്‍ മെയ് 27ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യാനാണ് എംബസി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, ചൈനയിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും ചൈനീസ് എംബസി നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്കും ശരീര താപനില 37.3 ഡിഗ്രിയില്‍ കൂടുതലുള്ളവര്‍ക്കും ചൈനയിലേക്ക് മടങ്ങാന്‍ പറ്റില്ല. കൂടാതെ, മടങ്ങുന്നവര്‍ തങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവെക്കരുത്, ടിക്കറ്റ് ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം, ചൈനയിലെത്തിയാല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചൈനീസ് എംബസി പുറപ്പെടുവി ച്ചിട്ടുണ്ട്.
വിദേശകാര്യമന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇന്ത്യയിലെ ചൈനീസ് നയതന്ത്ര, കോണ്‍സുലാര്‍ വകുപ്പുകളുടെയും ഏകീകൃത പ്രവര്‍ത്തനത്തിലൂടെയാണ് ഇന്ത്യയിലകപ്പെട്ട ചൈനീസ് പൗരന്മാരെ തിരികെ നാട്ടിലെത്തിക്കുന്നത്. ചൈനീസ് വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍, ബിസിനസ്സ് സന്ദര്‍ശകര്‍ എന്നിവര്‍ക്കെല്ലാം പ്രത്യേകം ഏര്‍പ്പാടാക്കുന്ന വിമാനസര്‍വീസില്‍ നാട്ടിലേക്ക് മടങ്ങാം.
സിക്കിമിലും ലഡാക്കിലും ഇന്ത്യന്‍- ചൈനീസ് സൈന്യം തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്താണ് ചൈനയുടെ ഈ നീക്കം. ചൈനയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സുരക്ഷാ നടപടികളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും ചൈനീസ് എംബസിയുടെ അറിയിപ്പില്‍ വിശദമാക്കിയിട്ടുണ്ട്.
പനി. ചുമ തുടങ്ങി കൊറോണ വൈറസ് ലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമേ യാത്രാനുമതി ഉണ്ടായിരിക്കൂ. മടങ്ങിയെത്തുന്നവര്‍ ക്വാറന്റീന്‍ ഉള്‍പ്പെടയുള്ള പകര്‍ച്ചവ്യാധി തടയുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കേണ്ടി വരുമെന്നും ചൈന വ്യക്തമാക്കുന്നുണ്ട്.
കോവിഡ് 19 മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ചൈനയുടെ തീരുമാനം. എന്നാല്‍, ചൈനയില്‍ നിന്നും പുറത്തു വരുന്ന വാത്തകള്‍ മറ്റൊന്നാണ് സൂചിപ്പിക്കുന്നത്. ചൈനയില്‍ വീണ്ടും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 51 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 40 കേസുകളും അണുബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നത് വൈറസ് ബാധയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
വുഹാനില്‍ നിന്നാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് വുഹാനില്‍ കോവിഡ് പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha