ശത്രുക്കളെ ഞെട്ടിച്ച് ഇന്തോ - ഫ്രാൻസ് വീര ഗാഥ .. റാഫേലിന് ശേഷം ഐ എൻ എസ് വാഗിർ

മൂല്യങ്ങളുടെ പേരിലുള്ള പ്രതിബദ്ധത ആയാലും , ചിന്താഗതിയിലുള്ള സമാനതകൾ ആയാലും ശക്തമായ സഖ്യമാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ ഉള്ളത്. ഇന്ത്യ അതിന്റെ ചരിത്രത്തിലെ തന്നെ സമാനതകൾ ഇല്ലാത്ത ദ്വി മുഖ യുദ്ധത്തെ നേരിടാൻ സന്നിഹിതർ ആയി നിന്നപ്പോൾ ആണ് നമ്മുടെ ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി കൊണ്ട് കരുത്തരായ റാഫേൽ യുദ്ധ വിമാനങ്ങളുടെ ഓർഡർ പൂർത്തിയാക്കി അവയെ ഇന്ത്യക്ക് വേണ്ടി ഫ്രാൻസ് വിട്ടു തന്നത്. കൃത്യ സമയത്തുള്ള റാഫേലിന്റെ രംഗ പ്രവേശനം പാകിസ്താനെയും ചൈനയെയും ചെറുതല്ലാത്ത ഞെട്ടിച്ചിരുന്നു. ഇത് ഇന്ത്യൻ വായു സേനയുടെ ശക്തിയെയും ആത്മ വിശ്വാസത്തെയും ചെറുതൊന്നുമായല്ല വർധിപ്പിച്ചത്. എന്നാൽ വെറും യുദ്ധ വിമാന കൈമാറ്റം എന്ന നിലയിൽ അല്ലാതെ ഈ ഒരു നടപടി രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതി ശക്തമായ ബാന്ധവത്തെയാണ് കാണിച്ചത്. ഇതിന്റെ തുടർച്ചയെന്നോണം ഉള്ള ഒരു വാർത്ത ആണ് പുറത്തു വരുന്നത് മുംബൈയിൽ നിന്നും. കൃത്യമായി പറഞ്ഞാൽ മുംബയിലെ മസ്ഗാവോൺ തുറ മുഖത്ത് നിന്നും.
ഫ്രാൻസിന്റെ സാങ്കേതിക രൂപ കല്പനയിൽ ഇന്ത്യയിൽ നിർമ്മിച്ച “മികച്ച സ്റ്റെൽത്ത് സവിശേഷതകളുള്ള” ഇന്ത്യൻ നാവികസേനയുടെ അഞ്ചാമത്തെ സ്കോർപീൻ അന്തർവാഹിനി ഐ എൻ എസ് വാഗിർ തെക്കൻ മുംബൈയിലെ മസഗൺ ഡോക്കിൽ വ്യാഴാഴ്ച പ്രവർത്തനത്തിന് വേണ്ടി പൂർണ്ണ സജ്ജമായിരിക്കുകയാണ് . ഇന്ത്യയിൽ നിർമിക്കുന്ന ആറ് കൽവാരി ക്ലാസ് അന്തർവാഹിനികളുടെ ഭാഗമാണ് ഐഎൻഎസ് വാഗീർ.
സമുദ്രാന്തര ഭാഷയിൽ ഒരേ ക്ലാസ് കപ്പലുകൾ എന്നാൽ ഒരേ നിർമ്മിതിയും ലക്ഷ്യവും സ്ഥാനചലനവും ഉള്ള ഒരു കൂട്ടം കപ്പലുകൾ ആണ് . ഇന്ത്യയിലെ നാവികസേനയിലും തീരസംരക്ഷണ സേനയിലും ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട കപ്പലുകൾക്ക് പ്രത്യേക രീതിയിലാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ പ്രോജക്റ്റ് -75 ന്റെ ഭാഗമായി ഫ്രഞ്ച് നാവിക പ്രതിരോധ, ഊർജ്ജ കമ്പനിയായ ഡി സിഎൻഎസ് ആണ് ഈ അന്തർ വാഹിനികൾ രൂപ കല്പന ചെയ്തിരിക്കുന്നത്. മുംബൈയിലെ പൊതുമേഖലാ കപ്പൽ നിർമ്മാതാവ് മസഗൺ ഡോക്ക് ലിമിറ്റഡ് (എംഡിഎൽ) നിർമ്മിക്കുന്ന ആറ് കൽവാരി ക്ലാസ് അന്തർവാഹിനികളിൽ അഞ്ചാമത്തേതാണ് ഇത്. ഐഎൻഎസ് കൽവാരി, ഐഎൻഎസ് ഖണ്ടേരി, ഐഎൻഎസ് കരഞ്ച്, ഐഎൻഎസ് വേല, ഐഎൻഎസ് വാഗ്‌ഷീർ എന്നിവയാണ് ക്ലാസിലെ മറ്റ് കപ്പലുകൾ
ഈ അന്തർവാഹിനികൾക്ക് ഉപരിതലത്തു നിന്നുള്ള യുദ്ധം, അന്തർവാഹിനി വിരുദ്ധ യുദ്ധം, രഹസ്യാന്വേഷണ ശേഖരണം, ഖനനം നടത്തൽ, പ്രദേശ നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിയുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുകയുണ്ടായി . ഇന്ത്യൻ മഹാസമുദ്രത്തിലെ അത്യന്തം അപകടകാരിയായ ആഴക്കടൽ മൽസ്യമായ സാൻഡ് ഫിഷിന്റെ ബന്ധിപ്പിച്ചു കൊണ്ടാണ് വാഗീറിന്റെ പേരിട്ടിരിക്കുനന്ത് . റഷ്യയിൽ നിന്നുള്ള അന്തർവാഹിനിയായ ആദ്യത്തെ വാഗിർ 1973 ഡിസംബർ 3 ന് ഇന്ത്യൻ നാവികസേനയിലേക്ക് നിയോഗിക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളം രാജ്യത്തിന് നൽകിയ സേവനത്തിന് ശേഷം 2001 ജൂൺ 7 ന് അതിന്റെ സേവനം അവസാനിക്കുകയുണ്ടായി
പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കിന്റെ ഭാര്യ വിജയ നായിക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അന്തർവാഹിനി വിക്ഷേപിച്ചത് . ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മന്ത്രി ഗോവയിൽ നിന്നുള്ള വീഡിയോ ലിങ്ക് വഴിയാണ് പങ്കെടുത്തത്.
വാഗിർ ഏതാണ്ട് നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളും കടന്ന് പൂർണ്ണ സജ്ജമായതോടെ ഇന്ത്യ അന്തർവാഹിനി നിർമാണ രാഷ്ട്രമെന്ന തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് . മേക്ക് ഇൻ ഇന്ത്യ, ആത്മ നിർഭാർ ഭാരത് എന്നിവയിലേക്കുള്ള ഗവൺമെന്റിന്റെ ഇപ്പോഴത്തെ നയങ്ങളുമായി ഇത് യോജിച്ചു പോകുന്നു എന്ന് മാത്രമല്ല ഈ നയങ്ങൾക്കൊക്കെ ഒരു കുതിപ്പും കൂടെയാണ്. കപ്പൽ നിർമാണത്തിൽ പങ്കാളിയായ എംഡിഎൽ പ്രസ്താവനയിൽ വ്യക്തമാക്കി. 1992 -94 കാലഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ രണ്ട് അന്തർ വാഹിനികൾ ഇന്നും തങ്ങളുടെ സമുദ്ര സേവനത്തിൽ തുടരുന്നുണ്ട്. ഇത് മാസഗോൻ കപ്പൽ നിർമാണ ശാലയുടെ തൊഴിലാളികളുടെ വൈദഗ്ധ്യത്തെയാണ് കാണിക്കുന്നത്. അവർ കൂട്ടി ചേർത്തു.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ നവീകരണത്തിൽ ഇന്നും ഇന്ത്യ ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ചു അല്പം പുറകിലാണ്. എന്നാൽ ചൈനയെ എതിർക്കുവാനും അവരുടെ തന്നെ സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയും ഇന്ത്യയും ആയി സംയോജിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഫ്രാൻസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഇന്ത്യക്ക് കിട്ടുന്ന ഈ കൈതാങ്, ഇന്ത്യ ശക്തിപ്പെടുത്തുന്നതിൽ സഹായകരം ആകുമെന്നതിൽ ഒരു സംശയവും ഇല്ല
ലോക രാഷ്ട്രങ്ങൾ എല്ലാം ഇന്ന് ഇന്ത്യയെ കാണുന്നത് വലിയ പ്രതീക്ഷയോടു കൂടെയാണ്. ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മാർക്കറ്റ് , ജന സംഖ്യാ അനുപാതത്തിൽ എടുത്താൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ലോക സമാധാനത്തിനു വേണ്ടി എന്നും നില കൊള്ളുന്ന, തങ്ങളാൽ കഴിയുന്ന നടപടികൾ എടുത്തിട്ടുള്ള രാജ്യം എന്നൊക്കെ ഉള്ള തരത്തിൽ വലിയ സ്വീകാര്യത ആണ് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കുള്ളത്. അത് കൊണ്ട് തന്നെയാണ് ദശകങ്ങളായി അമേരിക്കൻ നയരൂപീകരണത്തിൽ ഇന്ത്യക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നത്.
ഡൊണാൾഡ് ട്രംപ് വന്നാലും പോയാലും , ജോ ബൈഡൻ വന്നാലും പോയാലും ഇന്ത്യയോടുള്ള സമീപനത്തിൽ വലിയ മാറ്റം വരുകയില്ല എന്നത് ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു വസ്തുത ആണ്. എന്നാൽ അമേരിക്കയുമായി നല്ല ബന്ധം നില നിർത്തി കൊണ്ടിരിക്കെ തന്നെ ലോക വേദിയിൽ തങ്ങളുടേതായ രീതിയിൽ നേതൃ സ്ഥാനത്തേക്ക് ഉയരാൻ അമേരിക്കയെ മാത്രം ലക്ഷ്യമിട്ടുള്ള ഒരു നയം തങ്ങൾക്കില്ലെന്നു വ്യക്തമാക്കുകയാണ് ഇന്ത്യ.
ഈ പശ്ചാത്തലത്തിൽ ആണ് സാങ്കേതിക വിദ്യയിൽ വൻ ശക്തി ആയ ഫ്രാൻസുമായി ഇന്ത്യയുടെ ബന്ധം ദിനം പ്രതിയെന്ന വണ്ണം വർധിച്ചു വരുന്നത് നമ്മൾ കാണേണ്ടത് . ഈയിടെ ഫ്രാൻസിൽ നടന്ന ഭീകരാക്രമണത്തിനെ അപലപിച്ചു കൊണ്ട് ഇന്ത്യ ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവേൽ മക്രോണിനു ശക്തമായ പിന്തുണ അർപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നിരുന്നു. ഇതിനെ തുടർന്ന് ഫ്രാൻസിലെ പ്രതിപക്ഷ നേതാവ് ഇന്ത്യക്ക് നന്ദി പറഞ്ഞിരുന്നു.
ഇരു രാജ്യങ്ങളും ഉയർത്തി പിടിക്കുന്ന മൂല്യങ്ങളും സമാനമാണ് എന്നത് കൊണ്ട് സമീപ ഭാവിയിൽ ലോക ചരിത്രത്തിന്റെ ഗതി വിഗതികൾ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഒരു സഖ്യമായി മാറാനുള്ള എല്ലാ സാധ്യതയും ഇന്ത്യ - ഫ്രാൻസ് സഖ്യത്തിനുണ്ട് . ഇന്ത്യയും ഫ്രാൻസും കൂടി സംയോജിതം ആയി മുന്നോട്ട് കൊണ്ട് പോകുന്ന സൗരോർജ്ജ സഖ്യവും, ഇപ്പോൾ കണ്ടു വരുന്ന സാങ്കേതിക കൈമാറ്റവും , തീവ്ര വാദത്തോടും , അധിനിവേശ ശ്രമങ്ങളോടും ഉള്ള സന്ധിയില്ലാ സംഘർഷവും ഒക്കെ ഇതിന്റെ സൂചനകൾ മാത്രം.
https://www.facebook.com/Malayalivartha






















