ജീവന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്ന് വിദൂര നക്ഷത്ര സമൂഹങ്ങള്‍ക്കിടയില്‍ പിറവിയെടുക്കാമെന്ന് തെളിയിച്ച് പഠനം

ജീവന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്ന് വിദൂര നക്ഷത്ര സമൂഹങ്ങള്‍ക്കിടയില്‍ പിറവിയെടുക്കാമെന്ന് തെളിയിച്ച് പഠനം. അമിനോ ആസിഡ് ഗ്ലൈസൈന്‍ ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. ഇവയാണ് വിദൂര നക്ഷത്ര സമൂഹങ്ങളിലും നിര്‍മിക്കപ്പെടാമെന്ന് ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്. ഉല്‍ക്ക, വ്യാഴത്തിന്റെ അന്തരീക്ഷം തുടങ്ങിയ അപ്രതീക്ഷിത സ്ഥലങ്ങളില്‍ നിന്ന് നേരത്തെ അമിനോ ആസിഡ് ഗ്ലൈസൈന്‍ കണ്ടെത്തിയിട്ടുണ്ട്. ഉല്‍ക്കയിലെ ഇതിന്റെ സാന്നിധ്യമാണ് സൂര്യനോ ഗ്രഹങ്ങളോ അല്ലാതെ വിദൂര നക്ഷത്രസമൂഹങ്ങളിലും ഇവ പിറവിയെടുക്കാമെന്ന ചിന്തയിലേക്ക് ഗവേഷകരെ നയിച്ചത്. മഞ്ഞിലൂടെ അള്‍ട്രാവൈലറ്റ്, കോസ്മിക്, തെര്‍മല്‍, എക്‌സ് റേ തുടങ്ങിയ റേഡിയേഷനുകള്‍ കടന്നുപോവുമ്പോഴാണ് അമിനോ ആസിഡ് ഗ്ലൈസൈന്‍ ഉണ്ടാവുന്നതെന്നാണ് ലബോറട്ടറി പരീക്ഷണങ്ങളിലൂടെ തെളിഞ്ഞത്.
അതേസമയം, ഉയര്‍ന്ന ഊര്‍ജ്ജമുള്ള റേഡിയേഷന്‍ അമിനോ ആസിഡുകളെ തകര്‍ക്കുകയും ചെയ്യും. ഇതോടെയാണ് അമിനോ ആസിഡ് ഗ്ലൈസൈന്‍ നിര്‍മിക്കപ്പെടാനുള്ള മറ്റു മാര്‍ഗങ്ങള്‍ കൂടി ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലെ അസ്‌ട്രോകെമിസ്റ്റ് സെര്‍ജിയോ ലൊപ്പോളോയുടെ നേതൃത്വത്തില്‍ ഗവേഷകര്‍ തേടിയത്. ഒടുവില്‍ അത്തരമൊരു ബദല്‍മാര്‍ഗം ഇവര്‍ കണ്ടെത്തുകയും ചെയ്തു.
നക്ഷത്രങ്ങള്‍ക്കിടയിലെ തണുത്തുറഞ്ഞ ഇരുണ്ട മേഘങ്ങളിലെ പൊടിപടലങ്ങളില്‍ നേരിയ മഞ്ഞിന്റെ ആവരണങ്ങളുണ്ടാവാറുണ്ട്. ഇത്തരം സാഹചര്യം കൃത്രിമമായി ലബോറട്ടറിയില്‍ സൃഷ്ടിച്ചായിരുന്നു പരീക്ഷണം. ഗ്രൈസൈനിന്റെ നിര്‍മാണത്തിലേക്ക് നയിക്കുന്ന മീഥെയ്‌ലാമിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞു. പിന്നീട് മീഥെയ്‌ലാമിന്‍ സമ്പുഷ്ടമായ മഞ്ഞു കണങ്ങളെ -260 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിച്ചു. അപ്പോള്‍ സംഭവിച്ച രാസപ്രക്രിയയില്‍ ഗ്ലൈസൈന്‍ നിര്‍മിക്കപ്പെടുകയും ചെയ്തു.
ജീവന്റെ അടിസ്ഥാന ഘടകമായ അമിനോ ആസിഡ് ഗ്ലൈസൈന്‍ നിര്‍മിക്കപ്പെട്ടെങ്കിലും അതിശൈത്യത്തിന്റെ ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ജീവന്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നക്ഷത്രങ്ങള്‍ പിറക്കുന്നതിന് മുൻപ് തന്നെ അമിനോ ആസിഡ് ഗ്ലൈസൈനും മീഥെയ്‌ലാമിനുമെല്ലാം നിര്‍മിക്കപ്പെട്ടിരുന്നു എന്നാണ് പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. നാച്ചുര്‍ അസ്‌ട്രോണമിയിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















