28 വര്‍ഷം മകനെ അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട അമ്മ സ്വീഡനില്‍ അറസ്റ്റില്‍

സ്വീഡനില്‍ തെക്കന്‍ സ്റ്റോക്കോമിലെ നഗരപ്രാന്തമായ ഹാനിങ്ങിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ 28 വര്‍ഷത്തോളം മകനെ പൂട്ടിയിട്ടെന്നാരോപിച്ച് ഒരു വനിതയെ അറസ്റ്റുചെയ്തു. പൂട്ടിയിടപ്പെട്ട മകനു പോഷകാഹാര കുറവുണ്ടെന്നും പല്ലുകള്‍ ഇല്ലെന്നും സ്റ്റോക്കോം പൊലീസ് വക്താവ് ഒല ഓസ്റ്റര്‍ലിങ് വാര്‍ത്താ ഏജന്‍സി എഎഫ്പിയോടു പറഞ്ഞു.
അമ്മ മകന്റെ സ്‌കൂള്‍ പഠനം 12 വയസ്സുള്ളപ്പോള്‍ അവസാനിപ്പിക്കുകയും അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണു റിപ്പോര്‍ട്ടുകള്‍. 70 വയസ്സായ അമ്മയെ ചികിത്സാര്‍ഥം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, ഒരു ബന്ധുവാണു വീടിനുള്ളില്‍ പൂട്ടിയിടപ്പെട്ട ഇപ്പോള്‍ 40 വയസ്സ് കഴിഞ്ഞ മകനെ ഞായറാഴ്ച കണ്ടെത്തിയത്. എന്നാല്‍ 28 വര്‍ഷമായി ഇയാള്‍ തടവിലാണെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നു പൊലീസ് വക്താവ് പറഞ്ഞു.
അമ്മ കുറ്റകൃത്യങ്ങള്‍ നിഷേധിച്ചതായി സ്വീഡിഷ് പ്രോസിക്യൂഷന്‍ അതോറിറ്റി അറിയിച്ചു. യുവാവിനെ പൂട്ടിയ മുറിയില്‍ മൂത്രവും അഴുക്കും പൊടിയും ഉണ്ടായിരുന്നെന്നും ദുര്‍ഗന്ധം പരന്നിരുന്നെന്നും ബന്ധു പ്രാദേശിക മാധ്യമത്തോടു പറഞ്ഞു. കാലില്‍ വ്രണം ബാധിച്ചിരുന്ന ഇയാള്‍ക്കു നടക്കാന്‍ പ്രയാസമുണ്ട്. പല്ലുകളുണ്ടായിരുന്നില്ല. സംസാരശേഷി പരിമിതമായിരുന്നു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'അദ്ദേഹം ആശുപത്രിയിലാണ്, ജീവനു ഭീഷണിയല്ല' എന്നു മാത്രമാണ് ഇതേക്കുറിച്ചു പൊലീസ് വക്താവ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























