കഞ്ചാവിനെ അനുകൂലിച്ച് ഇന്ത്യ; അത്ര അപകടകാരിയല്ല; യു.എന്‍. നാര്‍ക്കോട്ടിക് മയക്കുമരുന്ന് കമ്മീഷനില്‍ വന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട്; മരുന്ന് നിര്‍മാണത്തിന് കഞ്ചാവ് ആവശ്യമെന്ന് ഇന്ത്യ

കഞ്ചാവിനെ അനുകൂലിച്ച് ഇന്ത്യ രംഗത്ത്. ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ. യു.എന്‍. നാര്‍ക്കോട്ടിക് മയക്കുമരുന്ന് കമ്മീഷനില്‍ വന്ന (സി.എന്‍.ഡി.) പ്രമേയത്തെ അനുകൂലിച്ചുകൊണ്ടാണ് ഇന്ത്യ വോട്ട് ചെയ്തത്. യു.എന്‍. നാര്‍ക്കോട്ടിക് മയക്കുമരുന്ന് കമ്മീഷന്റെ 63-ാമത് സെഷനില്‍ ബുധനാഴ്ച എടുത്ത തീരുമാനം അന്താരാഷ്ട്ര തലത്തില്‍ കഞ്ചാവ് നിയന്ത്രിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.
1961-ലെ മയക്കുമരുന്ന് മരുന്നുകള്‍ക്കായുള്ള സിംഗിള്‍ കണ്‍വെന്‍ഷന്റെ ഷെഡ്യൂള്‍ ഫോറില്‍നിന്ന് കഞ്ചാവ് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായിട്ടാണ് മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ വോട്ട് ചെയ്തത്. ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മാരകമായ, ആസക്തി ഉളവാക്കുന്ന ലഹരിമരുന്നുകള്‍ക്ക് ഒപ്പമായിരുന്നു കഞ്ചാവിനെ പട്ടികപ്പെടുത്തിയിരുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഈ പട്ടികയിലുള്ളതിനെ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു.
53 അംഗ സി.എന്‍.ഡി. അംഗരാജ്യങ്ങളില്‍ ഇന്ത്യ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളടക്കം 27 വോട്ടുകളാണ് കഞ്ചാവിനെ ഈ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ചൈന, പാകിസ്താന്‍, റഷ്യ തുടങ്ങി 25 രാജ്യങ്ങള്‍ എതിര്‍ത്തു. അംഗരാജ്യമായ യുക്രൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ പാകിസ്താന്‍ സ്ഥാനപതി മന്‍സൂര്‍ അഹമ്മദ് ഖാന്റെ അധ്യക്ഷതയിലാണ് യു.എന്‍. നാര്‍ക്കോട്ടിക് മയക്കുമരുന്ന് കമ്മീഷന്റെ 63-ാമത് സെഷന്‍ നടന്നത്.
'ഈ ചരിത്രപരമായ വോട്ടിലൂടെ സാധാരണയായി ഉപയോഗിക്കുന്നതും എന്നാല്‍ ഇപ്പോഴും നിയമവിരുദ്ധവുമായ ഉന്മേഷ ഔഷധങ്ങളുടെ ചികിത്സാ സാധ്യത തിരിച്ചറിയുന്നതിന് സിഎന്‍ഡി വാതില്‍ തുറന്നു.' യു.എന്‍. കമ്മീഷന്‍ പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ കഞ്ചാവിന്റെ ഉത്പാദനം, നിര്‍മാണം, കൈവശം വയ്ക്കല്‍, വില്‍പ്പന, വാങ്ങല്‍, ഉപയോഗം എന്നിവ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്ത്യയില്‍ ആയൂര്‍വേദ മരുന്നുകളുടെ നിര്‍മാണത്തില്‍ കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























