'ആഗസ്റ്റ് 31 നകം രാജ്യം വിട്ട് പോകണം'; അമേരിക്കന്‍ സൈന്യത്തിന് അന്ത്യശാസനം നൽകി താലിബാൻ

അമേരിക്കന്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന സമയമായ ആഗസ്റ്റ് 31 നകം അഫ്ഗാന്‍ വിട്ട് പോകണമെന്ന് താലിബാന്റെ മുന്നറിയിപ്പ്. സമയം നീട്ടി നല്‍കില്ലെന്നും നല്‍കിയ സമയത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും താലിബാന്‍ അറിയിച്ചു. ചൊവ്വാഴ്ച ജി 7 രാജ്യങ്ങളുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് താലിബാന്റെ പ്രഖ്യാപനം.
യു.എസ് സൈന്യത്തിന് രാജ്യം വിടാന്‍ നല്‍കിയിരുന്നു അവസാന സമയമായ ആഗസ്റ്റ് 31 ' റെഡ് ലൈന്‍ ' ആണെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയോ ബ്രിട്ടനോ ഒഴിപ്പിക്കലിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടാല്‍ ഇല്ലെന്ന് മാത്രമേ പറയാന്‍ കഴിയൂ. സമയം നീട്ടേണ്ടി വന്നാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും സ്കൈ ന്യൂസിനോട് സുഹൈല്‍ പറഞ്ഞു.
അമേരിക്കയും ബ്രിട്ടനും ഇന്ത്യയും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെയും അഫ്ഗാന്‍ പൗരന്‍മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം വിടാനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരിക്കണക്കിന് അഫ്ഗാന്‍കാരാണ് വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യം വിടാന്‍ എത്തുന്നവരുടെ തിക്കിലും തിരക്കിലും പെട്ട് വിമാനത്താവളത്തിന് സമീപം ഏഴുപേര്‍ മരിച്ചിരുന്നു. നിലത്തുവീണും മറ്റും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവര്‍ അഫ്ഗാന്‍ പൗരന്മാരാണ്. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധന മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























