ഇന്ത്യയോട് ആ അപേക്ഷയുമായി താലിബാൻ.... രണ്ടും കൈയ്യും നീട്ടാൻ മോദി തയ്യാറാകുമോ? നല്ല ബന്ധം ആഗ്രഹിക്കുന്നു...

അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ നീക്കം ആരംഭിച്ചിരിക്കുകയാണ്. നല്ല രീതിയിൽ ഇനി ഭരണം മുന്നോട്ട് പോകണമെങ്കിൽ അയൽരാജ്യങ്ങളുമായി നല്ല നയതന്ത്ര ബന്ധം പുലർത്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ.
എന്നാൽ ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ താലിബാൻ നടത്തിയ നീക്കം ഇന്ത്യ സ്വീകരിക്കുമോ എന്ന ആശങ്ക തന്നെയാണ് ലോകജനതയും ഉറ്റു നോക്കുന്നത്. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ പ്രസ്താവനയിലൂടെ അറിയിച്ച് കഴിഞ്ഞിരിക്കുകയാണ്. സാംസ്കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന.
ഇന്ത്യയ്‌ക്കെതിരെയുള്ള തീവ്രവാദ പ്രവർത്തനങ്ങളെ അനുകൂലിക്കില്ലെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുമുണ്ട്. താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾക്ക് താലിബാൻ വലിയ പ്രാധാന്യം നൽകുന്നുവെന്നും ആ ബന്ധം നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സ്താനിസ്കായി പറഞ്ഞു.
വ്യോമപാത വഴിയുള്ള ബന്ധങ്ങളും തുറന്നിടേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സ്താനിസ്കായി വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും ഇത്തരം നവീകരണ പ്രവർത്തനങ്ങളിൽ ഇന്ത്യ താത്പര്യം കാണിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും സ്താനിസ്കായി അറിയിച്ചു.
മാത്രമല്ല ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഏറ്റെടുത്ത പല പദ്ധതികളും പാതി വഴിയിലാണെന്നും അവ പൂർത്തീകരിക്കാൻ ഇന്ത്യ മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ നേതാവ് വ്യക്തമാക്കി. താലിബാന്റെ മടങ്ങിവരവോടെ അഫ്‌ഗാനിസ്ഥാനിൽ തീവ്രവാദം മടങ്ങിയെത്തുമോ എന്ന രാജ്യാന്തര സമൂഹത്തിന്റെ ഭയത്തിന് അർത്ഥമില്ലെന്ന് സ്താനിസ്കായി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് അഫ്‌ഗാനിസ്ഥാനെ ഒഴിവാക്കണമെന്നും അതു പോലെ അഫ്‌ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുവാൻ പാകിസ്ഥാനി തീവ്രവാദികളെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സ്താനിസ്കായി വ്യക്തമാക്കി.
നേരത്തേ അഫ്ഗാനുമായി മികച്ച നയതന്ത്ര ബന്ധമാണ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്നതിനിടെയാണ് താലിബാന്റെ പ്രസ്താവന പുറത്ത് വന്നത്. അതോടൊപ്പം, ഇന്ത്യയിലുള്ള അഫ്ഗാൻ പൌരന്മാർക്ക് കേന്ദ്രം വിസ നീട്ടി നൽകിയിട്ടുണ്ട്. രണ്ടു മാസത്തേക്കാണ് വിസ കാലാവധി നീട്ടി നൽകിയത്.
കാബൂളിൽ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചു എന്നാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദൗത്യത്തിൽ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. ഏതാണ്ട് എല്ലാവരെയും തിരികെയെത്തിച്ചുവെന്ന് പറഞ്ഞ വിദേശകാര്യവക്താവ് ഇനിയും കുറച്ച് പേർ കൂടി ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനം വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
അതേസമയം, അഫ്ഗാനിസ്താനിൽ ശരിയത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കുമെന്നും സർക്കാർ രൂപീകരണത്തിന് വേണ്ടി കാബൂളിൽ വിവിധ ഗ്രൂപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും എല്ലാ വിഭാഗത്തിലുമുള്ള വ്യക്തികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാരായിരിക്കും നിലവിൽ വരികയെന്നും സ്താനിസ്കായി പറഞ്ഞു.
https://www.facebook.com/Malayalivartha























