'ഇതൊരു ദുഃസ്വപ്നമായിരുന്നെങ്കില്‍...' ഐ.എസ്‌കെ നടത്തിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഫ്ഗാന്‍ യൂട്യുബര്‍ നജ്മ പറഞ്ഞത്...

കഴിഞ്ഞ വ്യാഴാഴ്ച കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തിന് സമീപം ഐ.എസ്‌കെ നടത്തിയ സ്‌ഫോടനത്തിലാണ് 20കാരിയായ നജ്മ കൊല്ലപ്പെട്ടത്.'ഇതൊരു ദുഃസ്വപ്നമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുകയാണ്. ഇതില്‍ നിന്നുണരാന്‍ ഒരു ദിവസം നമുക്ക് കഴിയട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു. ജോലി ചെയ്യുന്നതിനോ വീടിന് വെളിയില്‍ ഇറങ്ങുന്നതിനൊ അനുവാദമില്ലാത്ത നമ്മളെല്ലാവരും അവസാന വീഡിയോ റെക്കോര്‍ഡ് ചെയ്ത് വെക്കേണ്ടതുണ്ട്' അഫ്ഗാന്‍ യൂട്യൂബറായ നജ്മ സാദിഖിയുടെ അവസാന വീഡിയോയിലെ വാക്കുകളാണിത്. താലിബാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ അഫ്ഗാനിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, മനസ്സില്‍ ഉയര്‍ന്നുവന്ന ആശങ്കയും അനിശ്ചിതത്വവും എല്ലാം വിളിച്ചുപറയുന്നതായിരുന്നു നജ്മയുടെ അവസാന വീഡിയോ. മുമ്ബ് അവളുടെ വീഡിയോകളില്‍ നിറഞ്ഞുനിന്നത് അക്ഷരാര്‍ഥത്തില്‍ കാബൂളിലെ സ്ത്രീകളുടെ ആഘോഷമായിരുന്നു. വര്‍ണ വസ്ത്രങ്ങള്‍ ധരിച്ച് നജ്മയും കൂട്ടുകാരികളും നടത്തുന്ന ചെറുയാത്രകള്‍, ഭക്ഷണം പാകം ചെയ്യല്‍, പാട്ടുപാടല്‍... അങ്ങിനെയങ്ങിനെ; സന്തോഷം പകരുന്ന പശ്ചാത്തല സംഗീതത്തോടെ...
അവസാന വീഡിയോയില്‍ പക്ഷേ, അതൊന്നുമില്ല. ഇരുളടഞ്ഞ ഭാവിയെ കുറിച്ചുള്ള ആശങ്ക മാത്രം. 'എനിക്ക് കാബൂളിന്റെ തെരുവുകളിലൂടെ നടക്കാന്‍ ഭയമാകുന്നു. എല്ലാ പ്രേക്ഷകരും എനിക്കുവേണ്ടി പ്രാര്‍ഥിക്കണം. കാബൂളിലെ ജീവിതം ഏറെ ശ്രമകരമായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്...' എന്നായിരുന്നു നജ്മയുടെ അവസാന വാക്കുകള്‍.
https://www.facebook.com/Malayalivartha






















