മിന്നലില്‍ ഗൂഗിളിന്റെ ഡേറ്റ അടിച്ചുപോയി

അവസാനം ലോകം ഞെട്ടലോടെ ആ വാര്‍ത്ത കേട്ടു. ഇടിമിന്നലില്‍ ഗൂഗിളിന്റെ ഡേറ്റ അടിച്ചുപോയി. തുടരെത്തുടരെ പതിച്ച നാല് ഇടിമിന്നലാണ് ഗൂഗിളിനെ താളം തെറ്റിച്ചത്. മിന്നലേറ്റതോടെ ബെല്‍ജിയത്തിലെ ഡേറ്റ സെന്ററുകളിലൊന്നില്‍ സൂക്ഷിച്ചിരുന്ന ഗൂഗിള്‍ കംപ്യൂട്ട് എന്‍ജിന്റെ വിവരങ്ങളില്‍ ഒരു പങ്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ആകെയുള്ള ഡേറ്റയുടെ 0.000001 ശതമാനം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും സംഗതി ഗുരുതരമാണെന്ന് ഗൂഗിള്‍ തന്നെ സമ്മതിച്ചു കഴിഞ്ഞു. യൂറോപ്പിലെ പ്രധാനപ്പെട്ട ചില കമ്പനികളുടെ ഡേറ്റയാണ് മിന്നലില്‍ അടിച്ചുപോയത്, അതും ഗൂഗിളിന്റെ ബിസിനസ് പാര്‍ട്ണര്‍മാരായ കമ്പനികളുടെ.
തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കംപ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായിരുന്നു ഈ കമ്പനികള്‍ ഡേറ്റ ഗൂഗിള്‍ വഴി സൂക്ഷിച്ചത്. അതേ സമയം ജിമെയില്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള ഗൂഗിളിന്റെ പൊതുസേവനങ്ങള്‍ക്കൊന്നും നാശനഷ്ടം സംഭവിച്ചതുമില്ല.
ഓഗസ്റ്റ് 13നായിരുന്നു europe-west1-b എന്ന ഡേറ്റ സെന്ററിലേക്ക് വൈദ്യുതിയെത്തിക്കുന്ന ഗ്രിഡില്‍ ഇടിമിന്നലേറ്റത്. തുടരെ നാലുതവണ മിന്നലേറ്റതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടു. ബാറ്ററി ബാക്കപ്പ് ഉള്‍പ്പെടെയുള്ള ബദല്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇവയുടെയൊന്നും സഹായം നിലവില്‍ ലഭ്യമാക്കാതിരുന്ന സ്‌റ്റോറേജ് ഡിസ്‌കിലായിരുന്നു കൃത്യമായി പണിവീണത്.
വൈദ്യുതിവിതരണത്തില്‍ തുടരെ ഏറ്റക്കുറച്ചിലുകള്‍ വന്നതോടെ ഡേറ്റകളെല്ലാം നഷ്ടമാവുകയായിരുന്നു. ഏറ്റവും അടുത്തസമയത്ത് സൂക്ഷിക്കപ്പെട്ട ഡേറ്റയായിരുന്നു നഷ്ടപ്പെട്ടതിലേറെയും. മള്‍ട്ടിപ്പിള്‍ സെര്‍വറുകളില്‍ ഡേറ്റ സംഭരിക്കപ്പെട്ടിട്ടുള്ളതിനാല്‍ ശേഷിച്ചവ നഷ്ടമാകാതെ സംരക്ഷിക്കാനായി. ചിലതാകട്ടെ ഗൂഗിള്‍ ജീവനക്കാരും ഇടപെട്ട് തിരിച്ചുപിടിച്ചു.
സംഭവത്തെത്തുടര്‍ന്ന് യൂറോപ്പിലെ ചില സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനം 12 മണിക്കൂറോളം നേരത്തേക്ക് മന്ദീഭവിച്ചിരുന്നു. ആ കമ്പനികളാകട്ടെ തങ്ങളുടേതായ സംവിധാനങ്ങളുപയോഗിച്ച് കുറേ ഡേറ്റ തിരിച്ചുപിടിക്കുകയും ചെയ്തു. എത്ര കുറവ് ഡേറ്റയാണ് നഷ്ടപ്പെട്ടതെങ്കിലും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് തങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന കുറ്റസമ്മതവും ഗൂഗിള്‍ നടത്തിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha