കുടിയേറ്റം തുടരുന്നു; മൂന്ന് അഭയാര്‍ഥി ബോട്ടുകള്‍ തുര്‍ക്കി തടഞ്ഞു

പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മരണത്തിനു കീഴടങ്ങിയിട്ടും അപകടകരമായ മാര്‍ഗങ്ങളിലൂടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറ്റം ലക്ഷ്യമിടുന്നവര്‍ നിരവധി. ഗ്രീക്ക് ദ്വീപായ കോസ് കടക്കാനുള്ള ശ്രമത്തിനിടെ മൂന്നു ബോട്ടുകളിലായെത്തിയ 57 കുടിയേറ്റക്കാരെ തുര്‍ക്കി അധികൃതര്‍ തടഞ്ഞു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
സിറിയയില്‍നിന്നുള്ള കുടിയേറ്റ ബോട്ട് മുങ്ങി അയ്‌ലാന്‍ എന്ന മൂന്നുവയസുകാരനും അഞ്ചുവയസുകാരന്‍ സഹോദരന്‍ ഗാലിപ്പിയും അമ്മയും അടക്കം ഒന്‍പതുപേര്‍ മരിച്ച സംഭവത്തില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കെയാണ് ദുരന്തമുണ്ടായ അതേ പാതയിലൂടെ കുടിയേറ്റക്കാരെത്തുന്നത്.
യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധസമാന സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടല്‍ കാംക്ഷിച്ചാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറാന്‍ ആളുകളെത്തുന്നത്. തുര്‍ക്കി തീരസംരക്ഷണസേന തടഞ്ഞ മൂന്നുബോട്ടുകളില്‍ സിറിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യക്കാരാണ് ഉണ്ടായിരുന്നത്. തുര്‍ക്കി തീരസംരക്ഷണസേനയുടെ കെട്ടിടസമുച്ചയത്തിനു പുറത്ത് രാത്രി തങ്ങാന്‍ അനുവദിച്ച യാത്രക്കാരില്‍ തിരിച്ചറിയല്‍ രേഖകളുള്ളവരെ അതത് രാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കാനാണ് തീരുമാനം. മറ്റുള്ളവരെ തല്‍ക്കാലം തുര്‍ക്കിയില്‍ തങ്ങാന്‍ അനുവദിക്കും.
അതിനിടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കവാടമായ ഹംഗറിയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. അഭയാര്‍ഥിപ്രവാഹം തടയാന്‍ ബുഡാപെസ്റ്റിനു സമീപമുള്ള റെയില്‍വേസ്‌റ്റേഷന്‍ അടച്ചതോടെ കുടിയേറ്റക്കാരും ഹംഗേറിയന്‍ പോലീസുമായുള്ള സംഘര്‍ഷം രണ്ടാം ദിവസവും തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. ബുഡാപെസ്റ്റിന് 30 കിലോമീറ്റര്‍ അകലെ ബിക്‌സ്‌കില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഹംഗറിയില്‍ തമ്പടിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും ട്രെയിന്‍ ഗതാഗതം പുനഃരാരംഭിക്കണമെന്നുമാണ് അഭയാര്‍ഥികളുടെ ആവശ്യം. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിട്ടെത്തുന്ന കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രിക്കാന്‍ മാസിഡോണിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനു പുറമേ 24 മണിക്കൂര്‍ നേരത്തേക്ക് അതിര്‍ത്തി അടച്ചിടാനും തീരുമാനമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha