ചരിത്രം രചിച്ച് ബംഗറിയും ഓസ്ത്രിയയും, അഭയാര്‍ഥികളെ തിരിച്ചയക്കില്ലെന്ന് ജര്‍മനിയും, പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍

യുറോപ്യന്‍ യൂണിയന്റെ അഭിമാനത്തിന് തന്നെ കോട്ടം തട്ടിയ സംഭവമായിരുന്നു തങ്ങളുടെ തീരങ്ങളില്‍ ദിവസവും അടിയുന്ന അഭയാര്‍ഥികളുടെ ശവശരീരങ്ങള്‍. വിശാലമനസ്‌കതയ്ക്ക് പേരുകേട്ട യോറോപ്യന്‍ രാജ്യങ്ങള്‍ അഭായാര്‍ഥി പ്രവാഹത്തിന് പരിഹാരം കാണാതെ കുഴയുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഹംഗറിയും ഓസ്ത്രിയയും അഭയാര്‍ഥികളെ സ്വീകരിച്ചത് ചരിത്രമായി മാറുകയാണ്. അതിര്‍ത്തി കടത്താന്‍ ഹംഗറി ബസുകള്‍ ഒരുക്കിയതോടെ നാലായിരത്തോളം അഭയാര്‍ഥികള്‍ ഓസ്ട്രിയയിലെത്തി. കനത്ത മഴയില്‍ തണുത്തു വിറച്ചെത്തിയ ഇവരെ സന്നദ്ധപ്രവര്‍ത്തകര്‍ ഭക്ഷണവും ചൂട് ചായയും നല്‍കി വരവേറ്റു. \'അഭയാര്‍ഥികള്‍ക്കു സ്വാഗതം\' എന്ന ബാനറുമായാണ് ഓസ്ട്രിയ ഇവരെ സ്വീകരിച്ചത്.
യുദ്ധം നാശോന്മുഖമാക്കിയ രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിനു മൈലുകള്‍ താണ്ടിയെത്തിയ അഭയാര്‍ഥികളില്‍ പലരും തളര്‍ന്നു നിലത്തുവീഴുന്ന കാഴ്ചയായിരുന്നു ഇന്നലെ. ഇന്നലെ മാത്രം പതിനായിരത്തോളം അഭയാര്‍ഥികള്‍ രാജ്യത്ത് എത്തിച്ചേരുമെന്നായിരുന്നു ജര്‍മന്‍ പോലീസിന്റെ കണക്കുകൂട്ടല്‍.
അഭയം തേടുന്ന ആരേയും വിലക്കില്ലെന്ന് ജര്‍മന്‍ ചാന്‍സ്‌ലര്‍ എയ്ഞ്ചല മെര്‍ക്കല്‍ പ്രസ്താവിച്ചിട്ടുണ്ട്. പതിറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ അഭയാര്‍ഥി പ്രതിസന്ധിക്കിടെ ഓസ്ട്രിയയും ജര്‍മനിയും അഭയാര്‍ഥി നിയമങ്ങളില്‍ ചില്ലറ ഇളവുകള്‍ക്കും തയാറായി.
അഭയാര്‍ഥി പ്രവാഹത്തെതുടര്‍ന്ന് ഹംഗറി രാജ്യാന്തര ട്രെയിന്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചതോടെ കുട്ടികളെയും സാധനസാമഗ്രികളും കൈയിലെടുത്ത് ഓസ്ട്രിയന്‍ അതിര്‍ത്തിയിലേക്കു നൂറു മൈലോളം കാല്‍നട യാത്രയിലായിരുന്നു അഭയാര്‍ഥികള്‍. എന്നാല്‍, പിന്നീട് കടുത്ത നിലപാടില്‍നിന്നു പിന്നോട്ടുപോയ ഹംഗറി ഒരു ഡസനോളം ഡബിള്‍ ഡക്കര്‍ ബസുകള്‍ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലേക്കും ജര്‍മനിയിലേക്കും അയയ്ക്കുകയായിരുന്നു.
ഹംഗറിയില്‍ കുടുങ്ങിയ, ഇപ്പോള്‍ തന്റെ രാജ്യത്തേക്കു നീങ്ങുന്ന അഭയാര്‍ഥിപ്രവാഹം യൂറോപ്പിനാകെയുള്ള വിളിയാണെന്ന് ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി സെബാസ്റ്റിയന്‍ ക്രൂസ് പറഞ്ഞു. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്നു പലായനം ചെയ്ത് എത്തിയവരില്‍ നല്ലൊരുപങ്കും തുര്‍ക്കിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിഞ്ഞവരാണ്.
ബോട്ടിലും ട്രെയിനിലും കാല്‍നടയായും ഗ്രീസിലും ബാള്‍ക്കന്‍ നാടുകളിലൂടെയും നീണ്ടയാത്ര നടത്തിയാണു പലരും ഹംഗറിയുടെ തെക്കന്‍ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നത്. ഓസ്ട്രിയ ഇവര്‍ക്ക് അഭയം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മിക്കവരും ജര്‍മനിയിലേക്കു പോകാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അഭയാര്‍ഥികളുടെ എണ്ണം കൂടിയതോടെ പുറംരാജ്യങ്ങളിലേക്കു പോകുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഹംഗറി നിര്‍ത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha