യെമനില്‍ സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷം, ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യെമനില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേനകളുടെ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അല്‍ ഹുദെയ്ദ തുറമുഖത്ത് എണ്ണ കടത്തിക്കൊണ്ടുപോകുന്ന ബോട്ടുകള്‍ക്കു നേരെ സഖ്യസേന നടത്തിയ ആക്രമണത്തിലാണു മരണമെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ ഏതു സംസ്ഥാനത്തുനിന്നുള്ളവരാണെന്നു വ്യക്തമായിട്ടില്ല. ഹൂതി വിമതര്‍ക്കെതിരെ അറബ് സഖ്യസേന നടത്തി വരുന്ന പോരാട്ടം രൂക്ഷമായിരിക്കുകയാണ്. അല്‍ ഹുദെയ്ദിലെ ആക്രമണത്തിനു പുറമേ തലസ്ഥാനമായ സനാമേഖലയില്‍ ഇന്നലെ അറബ് സേന നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 45 യുഎഇ സൈനികരും 10 സൗദി സൈനികരും അഞ്ച് ബഹ്‌റൈന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് അറബ് സേന ആക്രമണം ശക്തമാക്കിയത്. ഇന്നലെ മാത്രം 20 തവണ അറബ് സേന വ്യോമാക്രമണം നടന്നതായി ഹൂതി വിമതര്‍ അറിയിച്ചു.
ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് 2011ല്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് യെമന്‍ സംഘര്‍ഷഭൂമിയാകുന്നത്. തുടര്‍ന്ന് അധികാരത്തിലെത്തിയ അബ്ദുറബ് മന്‍സൂര്‍ ഹാദിക്കെതിരെ ഷിയാ വിഭാഗമായ ഹൂതികളുടെ നേതൃത്വത്തില്‍ കലാപം തുടങ്ങുകയായിരുന്നു. ഷിയാ വിഭാഗത്തെ ഒഴിവാക്കിയുള്ള ഹാദി ഭരണത്തിനെതിരായ കലാപം വന്‍ സംഘര്‍ഷത്തിലേക്കുനീങ്ങി. തലസ്ഥാനമായ സനായുടെ നിയന്ത്രണം ഹൂതി വിമതര്‍ പിടിച്ചെടുത്തതോടെ ജനുവരിയില്‍ ഹാദി രാജിവച്ചു. പിന്നീട് രാജ്യം വിട്ടു.
ഹാദി അനുകൂലികളുടെ ശക്തികേന്ദ്രമായിരുന്ന തുറമുഖ നഗരം ഏഡന്‍ മാര്‍ച്ചില്‍ ഹൂതികള്‍ നിയന്ത്രണത്തിലാക്കി. ഇതിനു പിന്നാലെയാണ് അറബ് സഖ്യം യെമനില്‍ ഇടപെട്ടത്. ഹൂതികളും ഹാദി അനുകൂലികളും തമ്മിലുള്ള പോരാട്ടം പിന്നീട് പല ഉപാന്തര വിഭാഗങ്ങളും രംഗത്തെത്തി സങ്കീര്‍ണമായതോടെയാണു യെമനില്‍ ഘോരയുദ്ധത്തിന്റെ സ്ഥിതിയുണ്ടായത്. യുദ്ധമേഖലയില്‍നിന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ മാസങ്ങള്‍ക്കു മുന്‍പ് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ചിരുന്നു.
ഹാദിയെയും ഹൂതികളെയും ഒരുപോലെ എതിര്‍ക്കുന്ന അറേബ്യന്‍ ഉപദ്വീപിലെ അല്‍ഖായിദ തെക്ക്, തെക്കുകിഴക്കന്‍ മേഖലകളിലും കടുത്ത ആക്രമണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ യെമന്‍ വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. അല്‍ഖായിദയെ മറികടക്കുംവിധമാണ് ഐഎസിന്റെ യെമനിലെ വളര്‍ച്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha