ഹജ്ജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്, ബലി പെരുന്നാള്‍ നാളെ

ഹജ്ജ് കര്‍മത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. ഇന്നലെ മിനായില്‍ രാത്രി ചെലവഴിച്ച ഇരുപതു ലക്ഷത്തോളം തീര്‍ഥാടകര്‍ ഇന്നു പുലര്‍ച്ചെ സുബഹി നമസ്‌കാരത്തിനു ശേഷം അറഫയിലേക്കു നീങ്ങും. അറഫാ മൈതാനത്തിന്റെ നടുവില്‍ തലയുയര്‍ത്തി നില്‍കുന്ന അറഫാ മലയുടെ താഴ്‌വാരത്ത് സൂര്യാസ്തമയം വരെ വിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകും.ജബല്‍ അര്‍ റഹ്മ അഥവാ കരുണയുടെ പര്‍വതം എന്നറിയപ്പെടുന്ന അറഫാ മലയില്‍ വച്ചാണ് മുഹമ്മദ് നബി തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. അറഫാ സംഗമം പ്രാധാന്യമേറിയതാകുന്നത് ഇതിനാലാണ്. മക്കയില്‍ നിന്ന് 20 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് അറഫാ മൈതാനം.
ഇശാ നമസ്‌കാരം വരെ അറഫയില്‍ കഴിഞ്ഞ ശേഷം തീര്‍ഥാടകര്‍ മിനായിലേക്കുള്ള വഴിയിലെ പ്രധാന കേന്ദ്രമായ മുസ്ദലിഫയിലെത്തി രാത്രി തങ്ങും. അറഫയില്‍ നിന്ന് ഏഴു കിലോമീറ്ററാണ് മുസ്ദലിഫയിലേക്ക്. ദുല്‍ഹജ് പത്തായ നാളെ സുബഹി നിസ്‌കാരത്തിനു ശേഷം മിനായില്‍ എത്തി പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അഖ്ബയില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കും. ഒരു ജംറയ്ക്കു നേരേ ഏഴുകല്ലുകള്‍ എന്നകണക്കില്‍ മൂന്നു ജംറകളില്‍ എറിയാന്‍ 21 കല്ലുകളാണ് മുസ്ദലിഫയില്‍ നിന്നു ശേഖരിക്കുക. കല്ലേറിനു ശേഷം ബലികര്‍മം നിര്‍വഹിച്ച് പുരുഷന്മാര്‍ മുടി കളയും. സ്ത്രീകള്‍ മുടിയുടെ അറ്റം മുറിക്കും. ഇതോടെ ഹജിന്റെ പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹജ് വസ്ത്രം മാറ്റി പുതു വസ്ത്രങ്ങള്‍ അണിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കും.
ഹറം പള്ളിയിലെ ക്രെയിന്‍ അപകടത്തില്‍ പരുക്കേറ്റ് മക്കയിലെ ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യക്കാരടക്കമുള്ള 52 തീര്‍ഥാടകരെ കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ അറഫയിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. ഇവര്‍ക്ക് ഹജ് നിര്‍വഹിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരുടെ അകമ്പടിയോടെയാണ് എത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha