സിറിയ പോയി ഇനി അഫ്ഗാനിസ്ഥാന്‍; അഫ്ഗാനില്‍ ഐഎസ് അധികാരത്തിലേയ്‌ക്കോ; നാലിടങ്ങളില്‍ സ്‌ഫോടനം; ഓടിയൊളിച്ച് താലിബാന്‍..

ഇന്നലെ അഫ്ഗാനില്‍ നടന്ന നാല് സ്‌ഫോടനങ്ങളില്‍ ഡസന്‍ കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അറിയിച്ചു. മസാര്‍ ഇഷരീഫിലെ ഷിയ മുസ്ലീം പള്ളിയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടാകുന്നത്. ഇവിടെ കുറഞ്ഞത് 31 പേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഉടന്‍ തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. രാജ്യത്ത് ഐഎസിനെ പരാജയപ്പെടുത്തിയെന്ന് താലിബാന്‍ അവകാശപ്പെട്ടെങ്കിലും അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണാധികാരികള്‍ക്ക് ഐഎസ് വീണ്ടും സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനത്തിന് ശേഷം 'എല്ലായിടത്തും രക്തവും ഭയവും' മായിരുന്നെന്ന് പ്രവിശ്യാ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അഹ്മദ് സിയ സിന്ദാനി എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഐഎസിന്റെ മുന്‍നേതാവിന്റെയും വക്താവിന്റെയും മരണമാണ് പ്രകോപന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടമത്തെ സ്‌ഫോടനം നടന്നത് കുണ്ടൂസിലെ ഒരു പൊലീസ് സ്റ്റേഷന് സമീപത്താണ്. ഇവിടെ വാഹനം പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. കുണ്ടൂസിലെ ഒരു പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ റോഡരികില്‍ കുഴിച്ചിട്ടിരുന്ന ഒരു മൈനിലേക്ക് കയറിയ താലിബാന്റെ വാഹനം തകര്‍ന്ന് നാല് താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെടുകയും അഞ്ചാമത്തെയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ നിയാസ് ബെയ്ക് പ്രദേശത്ത് കുഴിച്ചിട്ട മറ്റൊരു മൈന്‍ പൊട്ടിയാണ് നാലാമത്തെ സ്‌ഫോടനം. ഇവിടെ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.
ഇന്നലെ മാത്രം അഫ്ഗാനിസ്ഥാനില്‍ ഉടനീളം നാല് സ്‌ഫോടനങ്ങളാണ് നടന്നത്. മസാര്‍ഇഷെരീഫ് പള്ളിക്ക് നേരെയുള്ള ആക്രമണമായിരുന്നു ആദ്യത്തേത്. പള്ളിയില്‍ വിശ്വാസികള്‍ ഏറെയുള്ളപ്പോഴായിരുന്നു സ്‌ഫോടനം. സ്‌ഫോടനം റിമോട്ട് കണ്‍ട്രോളിലാണ് നടത്തിയതെന്ന് സംശയിക്കുന്നു. ബൂബിട്രാപ്പ്ഡ് ബാഗ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സുന്നി മുസ്ലീം ഐഎസ് ജിഹാദികള്‍ പറഞ്ഞു. 'പ്രതികാരം ചെയ്യാനുള്ള ആഗോള പ്രചാരണത്തിന്റെ ഭാഗമാണ് ആക്രമണ'മെന്ന് സംഘം അവകാശപ്പെട്ടു.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശത്തുള്ള അബ്ദുള്‍ റഹീം ഷാഹിദ് ഹൈസ്‌കൂളില്‍ നടന്ന രണ്ട് ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ തുടര്‍ച്ചയായ നാല് സ്‌ഫോടനങ്ങള്‍ നടന്നത്. കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെടുകയും 20 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രദേശിക അധികൃതര്‍ അറിയിച്ചു. മസാര്‍ഇഷെരീഫിലെ സ്‌ഫോടനം നടന്നത് ഹസാര ന്യൂനപക്ഷ വിഭാഗം പ്രാദേശികമായി ഉപയോഗിക്കുന്ന ഏറ്റവും വലിയ പള്ളികളിലൊന്നായ സെഹ് ഡോകാനിലാണെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകളും ദൃക്‌സാക്ഷികളും പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഹസാര സമുദായത്തെ ഐഎസ് ഉള്‍പ്പെടെയുള്ള സുന്നി തീവ്രവാദി ഗ്രൂപ്പുകള്‍ പലപ്പോഴും ലക്ഷ്യമിടുന്നത് പതിവാണ്. പള്ളിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
'അവിടെ നല്ല തിരക്കായിരുന്നു, പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. കടകളുടെ ചില്ലുകള്‍ തകര്‍ന്നു. എല്ലാവരും ഓടാന്‍ തുടങ്ങി.' മസാര്‍ഇഷെരീഫ് സ്ത്രീ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ മുസ്ലീം വിഭാഗമായ ഹസാര സമുദായത്തെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നത് പതിവാണ്. തിരക്കേറിയ സ്‌കൂളുകളിലും പള്ളികളിലും ആസൂത്രിതമായി നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കേണ്ടതാണെന്ന് മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച അഫ്ഗാനിസ്ഥാന്റെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ബെന്നറ്റ് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചടക്കുന്നത് വരെ ഐഎസും താലിബാനും തമ്മില്‍ വലിയ അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അധികാരം ലഭിച്ച ശേഷം , അന്താരാഷ്ട്രാ സഹായത്തിനായി താലിബാന്‍ തങ്ങളുടെ തീവ്ര ആശയങ്ങളില്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇതോടെയാണ് ഐഎസും താലിബാനും തമ്മില്‍ അകന്നത്.
https://www.facebook.com/Malayalivartha
























