കാബൂളിലെ മസ്ജിദിൽ ഭീകരാക്രമണം, 20 പേർ മരിച്ചെന്നും, 40 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്; സുരക്ഷാ സേന പ്രദേശം വളഞ്ഞു

ബുധനാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനത്തിന് വടക്ക് സ്ഥിതി ചെയ്യുന്ന പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ. വൈകീട്ടോടെയായിരുന്നു സംഭവം. പ്രാർത്ഥനയ്‌ക്കായി നിരവധി പേർ മസ്ജിദിൽ ഒത്തു കൂടിയിരുന്നു. ഇതിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. കാബൂൾ സെക്യൂരിറ്റി കമാൻഡ് വക്താവ് ഖാലെജ് സദ്രാൻ ആണ് സ്‌ഫോടന വിവരം പുറത്തുവിട്ടത്.
സ്‌ഫോടനത്തെ തുടർന്ന് സുരക്ഷാ സേന സംഭവസ്ഥലത്തേക്ക് കുതിച്ചു. സ്‌ഫോടനം അതിശക്തമായിരുന്നെന്നും പള്ളിക്കുള്ളിലാണ് സ്‌ഫോടനമുണ്ടായതെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ കാബൂളിലെ എമർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മസ്ജിദ് പൂർണമായും തകർന്നു. അടുത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം രാജ്യത്ത് ബോംബ് സ്ഫോടനങ്ങളുടെ എണ്ണം കുറഞ്ഞു. എന്നിരുന്നാലും, ഷിയാകളെ ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് തുടരുകയാണ്.
https://www.facebook.com/Malayalivartha



























