ബഹിരാകാശത്ത് പടുകൂറ്റന്‍ കുട , ലക്ഷ്യം ഭൂമിയിലെ മരങ്ങളുടെ കണക്കെടുപ്പ്

ഭൂമിയിലെ മരങ്ങളുടെ കണക്കെടുപ്പിനായി ബഹിരാകാശത്ത് ഒരു പടുകൂറ്റന്‍ കുട സ്ഥാപിക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. ബ്രിട്ടിഷ് വ്യോമയാന നിര്‍മാണ കമ്പനിയായ എയര്‍ബസിനാണ് ബയോമാസ് എന്നു പേരിട്ടിട്ടുള്ള ഈ ബഹിരാകാശ കുടയുടെ നിര്‍മാണ ചുമതല. ഓരോ ആറു മാസത്തിലും ഭൂമിയിലെ വൃക്ഷസമ്പത്തിന്റെ കണക്കെടുത്ത് നല്‍കാന്‍ ബയോമാസിന് സാധിക്കും.
വൃക്ഷങ്ങളുടെ ഇലകള്‍ക്കുള്ളിലൂടെ തുളച്ചുകയറി തടികളും ചില്ലകളും നിരീക്ഷിക്കാനാവുന്ന ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള പി ബാന്‍ഡ് റഡാര്‍ സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സിടി സ്‌കാനില്‍ ഉപയോഗിക്കുന്നതിന് സമാനമായ സംവിധാനമാണ് മരങ്ങളെ സ്‌കാന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഏതാണ്ട് 1,200 കിലോഗ്രാം ഭാരം വരും ഈ നിരീക്ഷണ സംവിധാനത്തിന്.
കാലാവസ്ഥാ വ്യതിയാനത്തെ രണ്ട് രീതിയില്‍ സ്വാധീനിക്കാന്‍ മരങ്ങള്‍ക്കാവും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ജീവിതകാലത്ത് വലിച്ചെടുക്കുന്ന മരങ്ങള്‍, പിന്നീട് കത്തുകയോ നശിക്കുകയോ ചെയ്യുമ്പോള്‍ ഇതേ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തെത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഭൂമിയിലെ സസ്യ സമ്പത്തിന്റെ കാര്യത്തില്‍ ഒരു സംതുലനം ആവശ്യമാണ്.
ഭൂമിയിലെ വടക്കന്‍ അക്ഷാംശത്തിലും കിഴക്കന്‍ അക്ഷാംശത്തിലുമുള്ള പ്രദേശങ്ങളെ നിരീക്ഷിക്കാന്‍ ബയോമാസിനാവില്ല. എന്നാല്‍ അത് ഈ ദൗത്യത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്നാണ് മിഷന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഷെഫീല്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ ഷോണ്‍ ക്യുഗന്‍ പറയുന്നത്. ഈ മേഖലയിലെ വനങ്ങള്‍ വലിയ ഭീഷണികള്‍ നേരിടുന്നില്ലെന്നതാണ് ക്യുഗന്‍ നല്‍കുന്ന വിശദീകരണം.
അമേരിക്കന്‍ കമ്പനിയായ എല്‍3ഹാരിസ് ടെക്‌നോളജീസാണ് എയര്‍ബസില്‍ ഈ വ്യത്യസ്തമായ സാറ്റലൈറ്റിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നത്. നിലവില്‍ സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന റഡാര്‍ ഫ്രീക്വന്‍സിയിലായിരിക്കും ബയോമാസ് പ്രവര്‍ത്തിക്കുക. ഇതില്‍ ഉപയോഗിച്ചിട്ടുള്ള പി ബാന്‍ഡ് റഡാറുകളെ വടക്കേ അമേരിക്കയിലും വടക്കേ യൂറോപ്പിലും മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങളില്‍ അമേരിക്ക ഉപയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























