യുഎസ് തൊഴില്‍ വീസ നിരക്കുകള്‍ ഇരട്ടിയാക്കി, ഇന്ത്യന്‍ ഐടി കമ്പനികളെ ഈ വര്‍ദ്ധനവ് പ്രതികൂലമായി ബാധിക്കും

ഇന്ത്യയുടെ പരാതി യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നുവെങ്കിലും അതിനെ അവഗണിച്ച് എച്ച്-1ബി, എല്‍-1 വീസകളുടെ പ്രത്യേക നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന ബില്ലിന് അംഗീകാരം നല്‍കി. 4000- 4500 യുഎസ് ഡോളറാണ് (ഏകദേശം മൂന്നു ലക്ഷത്തോളം രൂപ) പുതിയ നിരക്ക്. ഇന്ത്യന്‍ ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നതാണു വര്‍ധന. യുഎസ് സര്‍ക്കാരിന്റെ 9/11 ആരോഗ്യപദ്ധതി ആക്ടിനും ബയോമെട്രിക് ട്രാക്കിങ് സിസ്റ്റത്തിനും ഫണ്ട് സ്വരൂപീക്കുന്നതിന്റെ ഭാഗമായാണു തൊഴില്‍ വീസനിരക്കു വര്‍ധിപ്പിക്കുന്ന ബില്‍ അവതരിപ്പിച്ചത്.
-ഇതനുസരിച്ച് എച്ച്-1ബി വീസയിലെ ചില വിഭാഗങ്ങളില്‍ 4,000 ഡോളറും എല്‍-1 വീസകള്‍ക്ക് 4500 ഡോളറും സ്‌പെഷല്‍ ഫീ ചുമത്തി. ബില്ലിനുമേല്‍ ഇന്നു യുഎസ് ജനപ്രതിനിധി സഭയിലും വോട്ടെടുപ്പുണ്ടാകും. നിരക്കു വര്‍ധനയിലൂടെ പ്രതിവര്‍ഷം ഒരു ബില്യന്‍ യുഎസ് ഡോളര്‍ (ഏകദേശം 6600 കോടി രൂപ) അധികവരുമാനമാണു യുഎസിനു ലഭിക്കുക. യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ച ബില്‍ പ്രകാരം കുറഞ്ഞത് 50 ജീവനക്കാരുള്ള ഐടി കമ്പനികളെയാണു പുതുക്കിയ വീസ നിരക്കുകള്‍ ബാധിക്കുക. വര്‍ധനയുടെ കാലാവധി പത്തുവര്‍ഷമാണ്. മുന്‍പു വര്‍ധന അഞ്ചുവര്‍ഷത്തേക്കായിരുന്നു.
നേരത്തെ 2000 ഡോളറായിരുന്നു എച്ച്-1ബി വീസ നിരക്ക്. ഇന്ത്യന്‍ ഐടി കമ്പനികള്‍ പ്രതിവര്‍ഷം വീസ ഇനത്തില്‍ 7-8 കോടി ഡോളര്‍ (ഏകദേശം 528 കോടി രൂപ) ആണ് യുഎസ് ഖജനാവിലേക്കു നല്‍കുന്നതെന്നു നാസ്‌കോം നടത്തിയ പഠനത്തില്‍ പറയുന്നു. കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീസ നിരക്കു വര്‍ധന സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക അറിയിച്ചിരുന്നു.
വൈറ്റ് ഹൗസ് ഇന്ത്യയുടെ പരാതി യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നുവെങ്കിലും റിപ്പബ്ലിക്കന്‍ കക്ഷിക്കു ഭൂരിപക്ഷമുള്ള യുഎസ് കോണ്‍ഗ്രസ് ഇന്ത്യയുടെ പരാതി തള്ളി ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു. വിദഗ്ധ തൊഴില്‍മേഖലകളില്‍ അനുവദിക്കുന്ന ഹ്രസ്വകാല വീസകളാണ് എച്ച്1 വിഭാഗത്തിലുള്ളത്. എല്‍1 വിഭാഗത്തില്‍ അവിദഗ്ധ തൊഴില്‍മേഖലയിലേതും. പരമാവധി കാലാവധി 5-6 വര്‍ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha