ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തത് മൂലം ഗാസയിലെ 36 ആശുപത്രികളിൽ, 22 ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന:- 39-ാം ദിവസവും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 11,240 ഫലസ്തീനികൾ...

അൽ ശിഫ ആശുപത്രിയിൽ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 40 രോഗികൾ. ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തത് മൂലം ഗാസയിലെ 36ൽ 22 ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. പ്രവർത്തിക്കുന്ന ആശുപത്രികളിൽ അവശ്യ സേവനത്തിന് മാത്രമുള്ള വിഭവങ്ങളേയുള്ളൂവെന്നും അധികൃതർ പറഞ്ഞു. 39-ാം ദിവസവും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 11,240 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതായാണ് മുമ്പ് അധികൃതർ അറിയിച്ചത്.
ഇതിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്. 29,000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. വെസ്റ്റ് ബാങ്കിലെ തൂൽകറമിൽ ഇസ്രായേൽ ആക്രമണം തുടരുകയാണെന്ന് റെഡ് ക്രസന്റ് കുറ്റപ്പെടുത്തി. ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ആംബുലൻസിൽ നിന്ന് പരിക്കേറ്റവരെയടക്കം ഇസ്രായേൽ സേന അറസ്റ്റ് ചെയ്തുവെന്നും റെഡ് ക്രസൻറ് കുറ്റപ്പെടുത്തി.
അതിനിടെ, ബന്ദികളുടെ കൈമാറ്റ ചർച്ചകളിൽ പ്രതീക്ഷയില്ലെന്ന് ഇസ്‌ലാമിക് ജിഹാദ് വ്യക്തമാക്കി. ചർച്ചയുടെ രീതിയും ഇസ്രായേലിന്റെ പ്രതികരണവും പിൻമാറാൻ പ്രേരിപ്പിക്കുന്നുവെന്നും പറഞ്ഞു. ഇസ്രായേലിന്റെ രണ്ട് സൈനികരെ കൊലപ്പെടുത്തിയതായും 48 മണിക്കൂറിനിടെ 20 സൈനിക വാഹനങ്ങൾ തകർത്തതായും ഹമാസ് അറിയിച്ചിട്ടുണ്ട്.
അതേ സമയം, ഇസ്രായേൽ സൈനികർ പുലർച്ചെ ഷിഫ ആശുപത്രിയുടെ ഒരു ഭാഗത്തേക്ക് പ്രവേശിച്ച്, ഹമാസുമായി യുദ്ധം ചെയ്യാൻ തുടങ്ങിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. "ഇന്റലിജൻസ് വിവരങ്ങളുടെയും പ്രവർത്തന ആവശ്യകതയുടെയും അടിസ്ഥാനത്തിൽ, ഐഡിഎഫ് സേന ഹമാസിനെതിരെ ഷിഫ ഹോസ്പിറ്റലിലെ ഒരു നിർദ്ദിഷ്ട പ്രദേശത്ത് കൃത്യമായ ലക്ഷ്യബോധത്തോടെ ഓപ്പറേഷൻ നടത്തുന്നുവെന്ന് സൈന്യം എക്സിൽ കുറിച്ചു.
"സങ്കീർണ്ണവും സെൻസിറ്റീവുമായ ഈ അന്തരീക്ഷത്തിന് തയ്യാറെടുക്കാൻ പ്രത്യേക പരിശീലനം നേടിയ മെഡിക്കൽ ടീമുകളും, അറബി സംസാരിക്കുന്നവരും സേനയിൽ ചേർന്നു, സിവിലിയന്മാർക്ക് ഒരു ദോഷവും വരുത്തരുത് എന്ന ഉദ്ദേശ്യത്തോടെയാണ് യുദ്ധമെന്ന് " സൈന്യം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















