ഫലസ്തീന്‍ തടവുകാരെ മര്‍ദ്ദിക്കാനും പീഡിപ്പിക്കാനും, വിഷവാതകം പ്രയോഗിക്കാനും ഇസ്രായേലിന് സ്വാതന്ത്ര്യം ഉണ്ട്- ബന്ദി കൈമാറ്റത്തിലൂടെ പുറത്ത് വന്ന, ഫലസ്തീന്‍ യുവതിയുടെ വെളിപ്പെടുത്തൽ...

ഇസ്രായേല്‍ ജയില്‍ അധികൃതര്‍ക്ക് ഏത് ഫലസ്തീന്‍ തടവുകാരെയും മര്‍ദ്ദിക്കാനും പീഡിപ്പിക്കാനും, വിഷവാതകം പ്രയോഗിക്കാനും, ചെറുത്ത് നില്‍ക്കുന്നവരെ, ഏകാന്തതടവില്‍ പാര്‍പ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ബന്ദി കൈമാറ്റത്തിലൂടെ പുറത്ത് വന്ന, ഫലസ്തീന്‍ യുവതിയുടെ വെളിപ്പെടുത്തല്‍. ഒക്ടോബര്‍ 7 ന് ശേഷം ഇസ്രായേല്‍ ജയിലുകളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും മോശപ്പെട്ട സമയമായിരുന്നെന്ന് മോചിക്കപ്പെട്ട മെയ്‌സൂണ്‍ മൂസ അല്‍-ജബാലി പറയുന്നു.
പലപ്പോഴും ക്രൂരമായി മര്‍ദിച്ചു. ഏകാന്ത തടവില്‍ പാര്‍പ്പിച്ച് വാതക പ്രയോഗം നടത്തി ശ്വാസം മുട്ടിച്ചു. തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മുകളില്‍ നിന്ന് അതിനുള്ള നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നുമാണ് ജയിലര്‍മാര്‍ പറഞ്ഞത്. ഭക്ഷണത്തിന്റെ അളവും കുറച്ചു. 80 വനിതാ തടവുകാര്‍ക്കായി 10 പേര്‍ക്കുള്ള ഭക്ഷണം മാത്രമാണ് അനുവദിച്ചതെന്നും അവര്‍ പറഞ്ഞു.
ബെത്ലഹമിന് സമീപം വനിതാ സൈനികയെ ആക്രമിച്ചെന്നാരോപിച്ച് 2015 ജൂണ്‍ 29നാണ് 28 കാരിയായ മൈസൂണിനെ അറസ്റ്റ് ചെയ്തത്. അല്‍ ഖുദ്സ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിയായിരുന്നു അന്ന് മൈസൂണ്‍. 15 വര്‍ഷ തടവുശിക്ഷ അനുഭവിക്കവെ അല്‍ ഖുദ്സ് ഓപ്പണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇസ്രായേല്‍ അധികൃതര്‍ അനുവദിച്ചില്ല.
വെല്ലുവിളികള്‍ക്കിടയിലും, തടവില്‍ കഴിയുമ്പോള്‍ സാമൂഹിക സേവനത്തില്‍ ബിരുദം നേടിയ അല്‍-ജബാലി ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസമാണ് ലക്ഷ്യമെന്ന്, മോചിതയായി വെസ്റ്റ്ബാങ്കിലെത്തിയ മൈസൂണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















