യാത്രയ്ക്കിടെ കോക്‌പിറ്റിന്റെ ജനൽ പാളികൾ തകർന്നു, 23,000 അടി ഉയരത്തിൽ നിന്ന് പൈലറ്റ് തെറിച്ച് പുറത്തേക്ക്, 81 യാത്രക്കാരുണ്ടായിരുന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ സംഭവിച്ചത്...!!

വിമാന യാത്രയ്ക്കിടെ പെട്ടന്ന് പുറത്തേക്ക് തെറിച്ച് വീണാൽ എന്തായിരിക്കും അവസ്ഥ. പൊടിപോലും കാണില്ലെന്നായിരുക്കും എല്ലാവരുടേയും ഉത്തരം. എന്നാൽ ഒരു പോറൽപോലും ഏൽക്കാതെ പൈലറ്റ് രക്ഷപ്പട്ട സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1990 ജൂൺ 10 ന് ബർമിംഗ്ഹാമിൽ നിന്ന് മലാഗയിലേക്ക് വിമാനം പറക്കുമ്പോഴാണ് സംഭവം. ബ്രിട്ടീഷ് എയർവേയ്‌സ് ഫ്ലൈറ്റ് 5390 -ലെ ക്യാപ്റ്റൻ തിമോത്തി ലങ്കാസ്റ്റർ ആണ് കോക്ക്പിറ്റിൽ നിന്ന് ഭാഗികമായി പുറത്ത് തെറിച്ചത്.
ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ഡിഡ്‌കോട്ടിന് മുകളിലൂടെ ഫ്ലൈറ്റ് പറക്കുമ്പോൾ, കോക്‌പിറ്റിൻറെ ജനൽ പാളികൾ തകരുകയും പൈലറ്റ് ലങ്കാസ്റ്റർ വിമാനത്തിന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ഈ സംഭവം നടക്കുമ്പോൾ വിമാനത്തിനുള്ളിൽ 81 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഭാഗ്യവശാൽ അദ്ദേഹത്തിൻറെ കാലുകൾ മാത്രം കോക്‌പിറ്റിനുള്ളിൽ കുടുങ്ങിക്കിടന്നു. 23,000 അടി ഉയരത്തിൽ 20 മിനിറ്റോളമാണ് ക്യാപ്റ്റൻ തിമോത്തി ലങ്കാസ്റ്റർ വിമാനത്തിന് പുറത്തേക്ക് തൂങ്ങിക്കിടന്നത്. കോക്ക്പിറ്റ് വിൻഡോകൾ തെറ്റായ രീതിയിൽ ഘടിപ്പിച്ചത് കാരണമാണ് അപകടം സംഭവിച്ചതെന്ന് പിന്നീട് കണ്ടത്തി.
അപകടം മുന്നിൽ കണ്ട ഫ്ലൈറ്റ് അറ്റൻഡൻറ് ഉടൻ തന്നെ കോക്ക്പിറ്റിലേക്ക് ഓടിക്കയറി ഈ പൈലറ്റിന്റെ കാലുകളിൽ പിടിമുറുക്കി. എന്നാൽ തന്റെ പരമാവധി ശ്രമിച്ചിട്ടും കോക്ക്പിറ്റിനുള്ളിൽ വീശിയടിക്കുന്ന വേഗതയേറിയ കാറ്റും കോടമഞ്ഞും കാരണം ലങ്കാസ്റ്ററിനെ പിടിച്ച് വിമാനത്തിനുള്ളിലേക്ക് കയറ്റാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. അപകടം അറിഞ്ഞ് ഈ സമയം മറ്റൊരു ക്രൂ അംഗം കൂടി കോക്പിറ്റിലെത്തി ക്യാപ്റ്റൻ താഴേക്ക് വീണുപോകാതിരിക്കാൻ പരിശ്രമം നടത്തി.
ഈ സമയം കോ-പൈലറ്റ് വിമാനത്തിൻറെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തര ലാൻഡിംഗിന് അനുമതി ആവശ്യപ്പെടുകയും ചെയ്തു. കാരണം വിമാനം പെട്ടെന്ന് ലാൻഡ് ചെയ്തില്ലെങ്കിൽ ഓക്സിജൻ കുറവായതിനാൽ ക്യാപ്റ്റൻ മരണപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നു. ഒടുവിൽ ക്രൂ അംഗങ്ങളുടെ മനോധൈര്യ കൈവെടിയാതെ ഒത്തൊരുമയോടെ ഇടപ്പെട്ടതിനാൽ വിമാനം സൗത്താംപ്ടൺ എയർപോർട്ടിൽ അപകടമൊന്നും സംഭവിക്കാതെ ലാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























