കന്യകയായി നിലനില്‍ക്കുന്നതിന് സ്‌കോളര്‍ഷിപ്പ്

സൗക്ക് ആഫ്രിക്കയിലെ ഉത്‌കെല പട്ടണത്തിന്റെ മേയര്‍ ഡുഡു മസിബുകൊ ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തു. സാധാരണ മേയര്‍മാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ മാധ്യമശ്രദ്ധയും വിവാദവും ആ ചടങ്ങ് ക്ഷണിച്ചു വരുത്തി.
16 പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന ചടങ്ങായിരുന്നു അത്. പഠനത്തിലെ മികവു മാത്രമായിരുന്നില്ല സ്‌കോളര്‍ഷിപ്പിനായി ആ വിദ്യാര്‍ത്ഥിനികളെ അര്‍ഹരാക്കിയതെന്നതാണ് വിവാദത്തിനിടയാക്കിയത്. ഇതു വരെയും അവരുടെ കന്യകാത്വം നഷ്ടപ്പെടുത്തിയിട്ടില്ല എന്ന വസ്തുതയും കൂടി പരിഗണിച്ചാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തത്.
പഠനത്തില്‍ മികവു പുലര്‍ത്തുന്ന, കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത വിദ്യാര്‍ത്ഥിനികള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതാണ് വിവാദമായത്. 2013-ല്‍ സൗത്ത് ആഫ്രിക്കയിലെ 6-ശതമാനം കൗമാരക്കാരികള്‍ ഗര്‍ഭം ധരിച്ചിരുന്നു. ഇപ്രകാരം കൗമാരക്കാര്‍ക്കിടയിലെ ഗര്‍ഭം ധരിക്കല്‍ നിരുല്‍സാഹപ്പെടുത്തുവാനും, പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രേരിപ്പിക്കുവാനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് മേയറുടെ ഓഫീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാല്‍ ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്ന കൗമാരക്കാരികളായ യുവതികള്‍ തങ്ങളുടെ കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിയ്ക്കാന്‍ ഇടയ്ക്കിടെ പരിശോധനയ്ക്കു വിധേയമാകേണ്ടതുണ്ട്. ഇത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിനു നേര്‍ക്കുള്ള കടന്നു കയറ്റമാണെന്ന്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ലീഗല്‍ മാനേജരായ പലേസ മപ പറഞ്ഞു.
ഇത്തരമൊരു പരിശോധനയോ സ്‌കോളര്‍ഷിപ്പോ ആണ്‍കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തുന്നില്ല എന്നതു കൊണ്ട് സ്ത്രീ ലൈംഗികതയ്ക്കു മേല്‍ നിയന്ത്രണങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്ന പുരുഷ മേധാവിത്വ സമൂഹത്തോടുള്ള വിധേയത്വത്തിന്റെ തെളിവാണെന്നും അവര്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha