ബന്ദികള്‍ വീട്ടിലേക്ക് മടങ്ങിയത്തുമെന്നും പ്രഖ്യാപിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം ഈജിപ്തിലേക്ക് പോകുമെന്നും നെതന്യാഹു..

ഹമാസ് ബന്ദികൾ ഉടൻ തിരികെയെത്തുമോ . ഹമാസിനെ നിരായിധീകരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ബന്ദികള്‍ വീട്ടിലേക്ക് മടങ്ങിയത്തുമെന്നും പ്രഖ്യാപിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപ് മുന്നോട്ടു വെച്ച ഗാസ സമാധാന ഉടമ്പടി കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം ഈജിപ്തിലേക്ക് പോകുമെന്നും നെതന്യാഹു അറിയിച്ചു. ഹമാസുമായുള്ള ചര്‍ച്ചകള്‍ നടക്കുക ഈജിപ്തില്‍ വെച്ചാകും.
യുഎസ് മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിക്ക് കീഴില്‍ ഹമാസുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ക്ക് വേഗം കൈവരുന്നതിന്റെ സൂചന നല്‍കുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവന.അടുത്ത ദിവസങ്ങളില്‍ തന്നെ എല്ലാ ബന്ദികളെയും മോചിപ്പിച്ചതായി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രത്യേശയും നെതന്യാഹു പ്രകടിപ്പിച്ചു. ഹമാസ് ബന്ദികളാക്കിയ എല്ലാപേരെയും വരും ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. സൈനികവും നയതന്ത്രപരവുമായ സമ്മര്‍ദ്ദം കാരണമാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയുടെ ഭരണം കൈമാറാനുള്ള ഹമാസിന്റെ സന്നദ്ധതയും ഇതിനോടകം സൂചനകളായി പുറത്തുവന്നിട്ടുണ്ട്.
ഹമാസിനെ നിരായുധരാക്കും. അത് ട്രംപിന്റെ പദ്ധതിയിലൂടെ നയതന്ത്രപരമായി സംഭവിക്കും. അല്ലെങ്കില്‍ ഞങ്ങളുടെ സൈനിക നടപടിയിലൂടെ സംഭവിക്കും. ഞാന്‍ വാഷിംഗ്ടണിനോടും അത് പറഞ്ഞിട്ടുണ്ട്.
അത് എത്ര കഠിനമായ വഴിയിലൂടെയാണെങ്കിലും നേടും,' നെതന്യാഹു വ്യക്തമാക്കി. ബന്ദി മോചനത്തിനായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണെന്നും നെതന്യാഹു ശനിയാഴ്ച നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.ചര്‍ച്ചകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ വൈറ്റ് ഹൗസില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി ഈജിപ്തിലേക്ക് പോയിട്ടുണ്ട്. ഏകദേശം രണ്ട് വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ സമാധാന നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ ഈജിപ്തിലേക്ക് പോകുകയാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന വന്നത്.അതേസമയം സമാധാന നിര്‍ദേശം ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നു.
ശനിയാഴ്ച രാത്രിയും ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തി. 57 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 40 പേരും ഗാസാ സിറ്റിയിലുള്ളവരാണ്. കഴിഞ്ഞദിവസമാണ് ട്രംപിന്റെ സമാധാന പദ്ധതിയോട് അനുകൂലമായി പ്രതികരിച്ച് ഹമാസ് രംഗത്തു വന്നത്. ട്രംപിന്റെ പദ്ധതിയിലെ ചില കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെങ്കിലും ചര്‍ച്ചകള്‍ തുടരാമെന്ന
നിലപാടിലാണ് ഹമാസ് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.ജൂതന്മാരുടെ വിശുദ്ധദിനമായ സൂക്കോട്ട് തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഈ സമയം ബന്ദികളെ തിരികെ എത്തിക്കാനായാല്‍ അത് നേട്ടമായി ഇസ്രായേല്‍ കണക്കാക്കും. അതേസമയം, സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിലനില്‍ക്കുമ്പോഴും, ഗാസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha