ഈജിപ്ത്തിൽ ഇന്ന്ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച നടക്കും.... അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച

ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ നടക്കും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചർച്ചയിൽ പങ്കെടുക്കുന്നത്.
ട്രംപിന്‍റെ മരുമകൻ ജെറാർഡ് കുഷ്നെറും ചർച്ചയിലുണ്ട്. ഒന്നാംഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. പശ്ചിമേഷ്യയുടെ ആകെ സമാധാനമാണ് ലക്ഷ്യമെന്നും വ്യക്തമാക്കി ട്രംപ്.
അതേസമയം ഗാസയിലെ സമാധാന നീക്കങ്ങള്‍ക്കെതിരെ ഇസ്രയേൽ മന്ത്രി ഇറ്റാമര്‍ ബെൻ ഗ്വിർ രംഗത്തെത്തുകയും ചെയ്തു. ഹമാസിനെ ഇല്ലാതാക്കണമെന്നും ബന്ദി കൈമാറ്റത്തിന് ശേഷം ഹമാസ് നിലനിൽക്കുന്നുണ്ടെങ്കിൽ സർക്കാരിൽ നിന്ന് രാജിവെക്കുമെന്നും ബെന്‍ ഗ്വിര്‍ ഭീഷണി മുഴക്കി.
തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ബെൻ ഗ്വിർ, ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രിയാണ്. സമാധാന ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതിനിടെയുള്ള ബെൻ ഗ്വിറിന്‍റെ ഭീഷണിക്കെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിരിക്കുകയാണ്. നേരത്തെയും ബെന്‍ ഗ്വിര്‍ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതിന്‍റെ പേരിൽ വിമർശനം നേരിട്ടു.
അതേസമയം സമാധാന കരാറുമായി ബന്ധപ്പെട്ട് ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് വ്യക്തമാക്കി ട്രംപ് . ബന്ധികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്‍റെ പിന്മാറ്റത്തിനുള്ള അതിർത്തി രേഖ ഇസ്രായേൽ അംഗീകരിച്ചതായും ഇത് ഹമാസ് അംഗീകരിച്ചാൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha