പാകിസ്ഥാനും അമേരിക്കയും കൂട്ടുകച്ചവടം തുടങ്ങി.. യുഎസിലേക്ക് അപൂർവ ധാതുക്കൾ കയറ്റി അയച്ച് പാക്കിസ്ഥാൻ...സെപ്റ്റംബറിൽ യുഎസും പാക്കിസ്ഥാനുമായി ഇതു സംബന്ധിച്ച കരാറിൽ ഏർപ്പെട്ടിരുന്നു..

പാകിസ്ഥാൻ അവസരം നല്ലത് പോലെ മുതലാക്കുകയാണ് . അമേരിക്കയും ആയൊരു കൂട്ടുകച്ചവടം അതാണിപ്പോൾ പാകിസ്ഥാൻ ലക്ഷ്യം വച്ച് ചെയ്തോണ്ട് ഇരിക്കുന്നത് . അതിനുള്ള എല്ലാ സൂചനകളും കുറച്ചു കാലങ്ങളായി കിട്ടി കൊണ്ട് ഇരിക്കുകയാണ് . യുഎസിലേക്ക് അപൂർവ ധാതുക്കൾ കയറ്റി അയച്ച് പാക്കിസ്ഥാൻ. സെപ്റ്റംബറിൽ യുഎസും പാക്കിസ്ഥാനുമായി ഇതു സംബന്ധിച്ച കരാറിൽ ഏർപ്പെട്ടിരുന്നു. ധാതുമേഖലയുടെ വികസനത്തിനും ധാതുക്കളുടെ പര്യവേഷണത്തിനുമാണ് കരാർ. രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പാക്ക് പ്രതിപക്ഷം രംഗത്തെത്തി.
കരാറിന്റെ ഭാഗമായി ധാതുക്കളുടെ സാംപിളുകൾ യുഎസിലേക്ക് കപ്പിലിൽ അയച്ചിട്ടുണ്ട്. 500 മില്യൻ ഡോളറിന്റെ നിക്ഷേപം നടത്താനാണ് യുഎസ് സ്ട്രാറ്റജിക് മെറ്റൽ കമ്പനി ഒരുങ്ങുന്നത്. പാക്കിസ്ഥാനിലെ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷനുമായി (എഫ്‌ഡബ്ല്യുഒ) ആണ് ധാരണാപത്രം ഒപ്പുവച്ചത്. യുഎസ്–പാക്ക് ബന്ധത്തിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ധാതുക്കളുടെ വാണിജ്യ മേഖലയിലേക്ക് പാക്കിസ്ഥാന് കടന്നുവരാൻ കളമൊരുക്കുന്നതാണ് കരാറെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോര്‍ട്ടുകൾ അനുസരിച്ച് 6 ട്രില്യൻ ഡോളർ മൂല്യമുണ്ട് പാക്കിസ്ഥാനിലെ ധാതു സമ്പത്തിന്.
സാമ്പത്തിക പ്രതിസന്ധി കരാറിലൂടെ മറികടക്കാമെന്നാണ് പാക്ക് പ്രതീക്ഷ.ഇതോടെ തീർന്നില്ല അറബിക്കടലിനോടു ചേർന്നുള്ള പട്ടണമായ പസ്നിക്കു സമീപം യുഎസ് നിയന്ത്രണത്തിലുള്ള തുറമുഖം സ്ഥാപിക്കാൻ പാക്കിസ്ഥാൻ താൽപര്യമറിയിച്ചെന്നു റിപ്പോർട്ട്. പദ്ധതി സംബന്ധിച്ച ആശയവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ യുഎസ് അധികൃതരെ സമീപിച്ചതായും അഭ്യൂഹമുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇക്കാര്യം ചർച്ച ചെയ്തെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും യുഎസ് അധികൃതർ ഇതു നിഷേധിച്ചു.
പദ്ധതി നടന്നാൽ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളിലൊന്നിൽ ചുവടുറപ്പിക്കാൻ യുഎസിന് അവസരമൊരുങ്ങും. പാക്കിസ്ഥാനിൽ ചൈനീസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്വദർ തുറമുഖത്തു നിന്നും 112 കിലോമീറ്റർ അകലെയാണു പസ്നി. ഇറാനിൽ നിന്ന് 112 കിലോമീറ്റർ ദൂരമേ ഇതിനുള്ളുവെന്നതും തന്ത്രപ്രധാനമാണ്. ചെമ്പ്, ആന്റിമണി എന്നീ ധാതുക്കൾ പാക്കിസ്ഥാനിൽ നിന്നു റെയിൽവേ വഴിയെത്തിച്ച് ഈ തുറമുഖത്തു നിന്നു കൊണ്ടുപോകാനും പദ്ധതി ലക്ഷ്യമിടുന്നു. 120 കോടി യുഎസ് ഡോളറിന്റെ പദ്ധതിയാണ് പസ്നിയിലേത്.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം യുഎസുമായി അടുക്കാനും ട്രംപിനെ സന്തോഷിപ്പിക്കാനും പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളിൽ ഒടുവിലത്തേതാണ് ഇത്. ഇന്ത്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് സഹായിച്ചെന്നു പാക്ക് അധികൃതർ പരസ്യമായി പറയുകയും അദ്ദേഹത്തിനു നന്ദി അറിയിക്കുകയും ചെയ്തിരുന്നു.സമാധാന നൊബേൽ പുരസ്കാരത്തിനു ട്രംപിനെ നാമനിർദേശം ചെയ്യുകയും ചെയ്തു. എന്നാൽ ട്രംപിന്റെ മധ്യസ്ഥത ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.
https://www.facebook.com/Malayalivartha