ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി

ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള നിര്‍ദേശത്തില്‍ നിന്നു യുഎഇ പിന്മാറിയതായി റിപ്പോര്‍ട്ട്. 2025 ഓഗസ്റ്റ് മുതല്‍ ചര്‍ച്ചയിലായിരുന്ന കരാറാണ് ഉപേക്ഷിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ മൂന്നു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനു പിന്നാലെയാണ് ഈ നീക്കം.
വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തതാണ് കരാര്‍ ഉപേക്ഷിക്കാന്‍ കാരണമെന്നു പാക്കിസ്ഥാന്‍ ദിനപത്രമായ 'ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ തകരാനുള്ള രാഷ്ട്രീയ കാരണങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കാരണമെന്നും സൂചനയുണ്ട്. യെമന്‍ വിഷയത്തിലടക്കം ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നതകളുണ്ട്. പാക്കിസ്ഥാന്‍ സൗദി അറേബ്യയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങളിലാണ്. യുഎഇ ഇന്ത്യയുമായും.
സൗദി അറേബ്യയുമായി ചേര്‍ന്ന് 'ഇസ്‌ലാമിക് നാറ്റോ' സഖ്യം രൂപീകരിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണ്. 2025 സെപ്റ്റംബറില്‍ പാക്കിസ്ഥാനും സൗദിയും ഒപ്പിട്ട പ്രതിരോധ കരാര്‍ പ്രകാരം ഒരാള്‍ക്ക് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുഎഇ ഇന്ത്യയുമായി പുതിയ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പിടുകയാണ്.
യുഎഇയില്‍നിന്ന് പ്രതിവര്‍ഷം 5 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) വാങ്ങാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും (എച്ച്പിസി) അബുദാബി നാഷനല്‍ ഓയില്‍ കമ്പനി ഗ്യാസുമായാണ് (അഡ്‌നോക് ഗ്യാസ്) 10 വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്. 2028 മുതലാണു എല്‍എന്‍ജി ലഭിക്കുക. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാനും കരാര്‍ സഹായമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനും തീരുമാനിച്ചിരുന്നു.
ഡല്‍ഹി സന്ദര്‍ശനത്തിനു പിന്നാലെ 900 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടത് ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാക്കിസ്ഥാന്റെ വലിയ വ്യാപാര പങ്കാളിയായിരുന്ന യുഎഇ സുരക്ഷാ പ്രശ്‌നങ്ങളും പാക്കിസ്ഥാനിലെ ഭരണപരമായ കെടുകാര്യസ്ഥതയും കാരണം ഇപ്പോള്‍ അകലം പാലിക്കുകയാണ്.
https://www.facebook.com/Malayalivartha























