വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പാക്ക് ഇതിഹാസ താരത്തിന്റെ മകന്‍ പിടിയില്‍

പാക്കിസ്ഥാന്റെ ഇതിഹാസ ക്രിക്കറ്റ് താരം അബ്ദുല്‍ ഖാദിറിന്റെ മകന്‍ സുലൈമാന്‍ ഖാദിര്‍ പീഡനക്കേസില്‍ പിടിയില്‍. സുലൈമാന്‍ ഖാദിര്‍ ഫാം ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുലൈമാന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നതായും ഇയാള്‍ ബലമായി ഫാം ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നുമാണ് പരാതി. പാക്കിസ്ഥാന്‍ മുന്‍ ലെഗ് സ്പിന്നര്‍ അബ്ദുല്‍ ഖാദിറിന്റെ നാലു മക്കളില്‍ ഒരാളാണ് 41 വയസ്സുകാരനായ സുലൈമാന്‍ ഖാദിര്‍.
എഫ്‌ഐആര്‍ പ്രകാരം ഈ മാസം 23നാണ് സംഭവം. സുലൈമാന്റെ വീട്ടില്‍ ജോലി ചെയ്യുന്ന തന്നോട് 22ന് രാവിലെയാണ് പിറ്റേദിവസം വൃത്തിയാക്കല്‍ ജോലിക്കായി ഫാം ഹൗസിലേക്ക് വരണമെന്ന് അറിയിച്ചതെന്ന് പരാതിക്കാരി പറയുന്നു. 23ന് രാവിലെ പത്തു മണിയോടെ ന്യൂവാസ് ബാര്‍ക്കിയിലെ അബ്ദുല്‍ ഖാദിര്‍ ക്രിക്കറ്റ് അക്കാദമിക്ക് സമീപമുള്ള ഫാം ഹൗസ് നമ്പര്‍ 2 ലേക്ക് തന്നെ കാറില്‍ കൊണ്ടുപോകുകയായിരുന്നെന്നും പരാതിക്കാരി പറഞ്ഞു. അവിടെ എത്തിയപ്പോള്‍ സുലൈമാന്‍ തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും ബലമായി തന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയെന്നും പരാതില്‍ പറയുന്നു.
പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുമെന്നും ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്ന സുലൈമാന്‍, 2005നും 2013നും ഇടയില്‍ 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 40 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2019ല്‍ അന്തരിച്ച അബ്ദുല്‍ ഖാദിര്‍, പാക്കിസ്ഥാന്റെ ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു.
https://www.facebook.com/Malayalivartha























