ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരേസ മേയ് അധികാരമേറ്റൂ, മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് തെരേസ മേ

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരേസ മേയ് അധികാരമേറ്റൂ. ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തരസെക്രട്ടറിയായിരുന്ന തെരേസ മേയ് ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവാണ്. ഉരുക്കുവനിതയെന്നറിയപ്പെട്ടിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 59കാരിയായ തെരേസ മേ. പ്രധാനമന്ത്രി കാമറോണ്‍ ഇന്ന് രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിക്ക് രാജിക്കത്ത് നല്‍കി.
ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായിരുന്ന തെരേസ ഏറെ കര്‍ക്കശക്കാരിയായാണു വിലയിരുത്തപ്പെടുന്നത്. അവരുടെ തന്നെ വാക്കുകളില്‍, ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് സമയം കളയാത്ത, തീന്‍മേശയില്‍ പരദൂഷണം പറയാത്ത, മദ്യസല്‍ക്കാരങ്ങളില്‍ പങ്കെടുക്കാത്ത രാഷ്ട്രീയക്കാരി.
പുരുഷമേധാവിത്വം നിറഞ്ഞ ഇംഗ്ലീഷ് രാഷ്ട്രീയത്തിന്റെ വഴികളില്‍ വേറിട്ടു സഞ്ചരിച്ചാണ് തെരേസ ഉയരങ്ങളിലെത്തിയത്. പിതാവ് പുരോഹിതനെങ്കിലും പന്ത്രണ്ടാം വയസില്‍ പാര്‍ട്ടി പതാകയേന്തി തെരേസ. പിതാവിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതിരുന്ന മകള്‍ ഇന്നും ഉറച്ച ദൈവവിശ്വാസി.
ലണ്ടനിലെ മെര്‍ട്ടണില്‍ കൗണ്‍സിലറായി മത്സരിച്ചു ജയിച്ചാണ് തെരേസ മേ രാഷ്ട്രീയത്തിലെത്തിയത്. 1994ല്‍ ടോറി കൗണ്‍സിലറായി. 1997ല്‍ മെയ്ഡന്‍ഹെഡിലെ എംപിയായി. 2003ല്‍ ബ്ലാക്പൂളില്‍ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഡേവിഡ് കാമറോണ്‍ മേയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു.
ഓക്‌സഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയായിരുന്നു കൂട്ടുകാരി. പിന്നീട് ജീവിതത്തില്‍ കൂട്ടുകാരനായ ഫിലിപ് മെയെ പരിചയപ്പെടുത്തിയതും ബേനസീര്‍ തന്നെ. മക്കളില്ലാത്ത ദുഃഖം വലുതെങ്കിലും സജീവരാഷ്ട്രീയം എല്ലാം മറക്കാന്‍ സഹായിക്കുമെന്ന് തെരേസ പറയും. 1997ല്‍ മെയ്ഡന്‍ഹെഡില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തി. മികച്ച പ്രഭാഷകയായി പേരെടുത്ത തെരേസമെയ് വളരെപ്പെട്ടന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രധാനിയായി. ആഭ്യന്തര സെക്രട്ടറിയായിരിക്കുമ്പോള്‍ ഉറച്ചനിലപാടുകളിലൂടെ പേരെടുത്തു.
സ്വവര്‍ഗവിവാഹം നിയമപരമാക്കുന്നതിലും ബ്രെക്‌സിറ്റിലും കാമറോണിനൊപ്പെം നിന്നെങ്കിലും പൂര്‍ണമനസോടെയായിരുന്നില്ല. ഏഷ്യന്‍ വിമന്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് വേദിയില്‍ സാരി ധരിച്ചെത്തിയ തെരേസ മെയ് ഫാഷന്‍ ലോകത്തും ശ്രദ്ധേയയാണ്. ബ്രെക്‌സിറ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇനി പുതിയപ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.
ജൂണ്‍ 23ലെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോവുന്നതിന്(ബ്രെക്‌സിറ്റ്) അനൂകൂലമായി ഭൂരിപക്ഷം പേര്‍ വിധിയെഴുതിയ സാഹചര്യത്തിലാണ് കാമറോണ്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























