അഞ്ചുവയസ്സുള്ള മകനെ അലമാരയ്ക്കുളളില്‍ അടച്ചിട്ടിട്ട് പിക്‌നിക്കിനു പോയ അമ്മയ്‌ക്കെതിരെ കേസ്

അമ്മയല്ലാതൊരു ദൈവമുണ്ടോ, അതിലും വലിയൊരു കോവിലുണ്ടോ എന്നൊക്കെ കേട്ടു വളര്‍ന്ന നമുക്കൊക്കെ ചിന്തിക്കാന്‍ പോലും മടിയുള്ള ക്രൂരതകളൊക്കെയാണ് ഇപ്പോള്‍ നമുക്കു ചുറ്റും നടക്കുന്നത്,.
ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് കോടതിയില്‍ ഇപ്പോള്‍ വിചാരണ നടന്നു കൊണ്ടിരിക്കുന്ന ഒരു കേസിന്റെ വിവരങ്ങളറിഞ്ഞാല്‍ മനസ്സാക്ഷിയുള്ളവരെല്ലാം ഞെട്ടിപ്പോകും.
മൂന്നു മക്കളുള്ള ഒരമ്മ തന്റെ മുതിര്‍ന്ന രണ്ടു പെണ്‍മക്കളേയും തന്റെയൊരു കൂട്ടുകാരിയേയയും കൂട്ടി പിക്‌നിക്കിനു പോയപ്പോള്‍ 5 വയസ്സുള്ള അവരുടെ ഇളയ മകന്‍ രസംകൊല്ലിയാകുമെന്ന് കരുതി ആ കുഞ്ഞിനെ കൂടെ കൊണ്ടു പോയില്ല. എന്നാല്‍ അവനെ സുരക്ഷിതമായി ആരുടെയെങ്കിലും അടുക്കല്‍ എല്പിച്ചു പോയതുമില്ല. പകരം 40 കാരിയായ ആ മാതാവ് ചെയ്തത് എന്താണെന്നോ?
ആ കുഞ്ഞിനെ അലമാരയ്ക്കുള്ളില്‍ കയറ്റിയിരുത്തിയിട്ട് ചോക്ലേറ്റും മധുരപലഹാരങ്ങും ലെമനൈഡും, വെള്ളവുമൊക്കെ ഒപ്പം വച്ചിട്ട് അലമാര പൂട്ടി പോകയായിരുന്നു. അഞ്ചു വയസ്സുമാത്രം പ്രായമുള്ള ആ കുഞ്ഞ് ആ അലമാരയ്ക്കകത്തിരുന്നത് രാവിലെ 11 മണിമുതല്‍ രാത്രി 9.30 വരെയാണ്.
കോടതിയില്‍ അമ്മയ്‌ക്കെതിരെ സാക്ഷിയായത് ആ കുഞ്ഞിന്റെ 10 വയസുകാരി ചേച്ചിയാണ്. അമ്മയുടെ ആ കൂട്ടുകാരി വരുമ്പോഴൊക്കെ ഞങ്ങളുടെ സഹോദരനെ അലമാരയ്ക്കുള്ളില്‍ കയറ്റുമെന്നായിരുന്നു ചേച്ചിയുടെ മൊഴി. അന്ന് ബ്ലാക്ക്പൂളില്‍ പിക്‌നിക്കിനു പോയ ദിവസം മകനെന്തെങ്കിലും പറ്റുമോ എന്നൊക്കെ അമ്മ ഇടയ്ക്ക് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അമ്മയുടെ കൂട്ടുകാരിയാണ് സഹോദരനെ അലമാരയ്ക്ക് അകത്താക്കി സെല്ലോടേപ്പ് ഒട്ടിച്ചതെന്നും സഹോദരി പറഞ്ഞു.
ഇതിനു മുമ്പൊരിക്കല്‍ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ സമയത്ത് അമ്മയുടെ കൂട്ടുകാരിയും വന്നിരുന്നുവെന്നും അന്ന് അവര്‍ ഒരു ഷൂസ് കൊണ്ട് ആ കുഞ്ഞിനെ അടിച്ചതിനെ തുടര്‍ന്ന് അവന്റെ തലയില്‍ മുറിവുണ്ടായപ്പോള്‍ മരുന്ന് പുരട്ടാനൊന്നും ശ്രമിക്കാതെ സൂപ്പര്‍ ഗ്ലൂ തേച്ച് രക്തം വരുന്നത് തടയുകയാണ് ചെയ്തതത്രേ.
പിക്‌നിക്കിനു പോയി വന്നതിനുശേഷം ഒരു ദിവസം ആ കൂട്ടുകാരി വീണ്ടും വന്നുവെന്നും അന്ന് ഒരു ലോഹദണ്ഡ് ഉപയോഗിച്ച് ആ അഞ്ചു വയസ്സൂകാരന്റെ തലയിലും മുതുകിലും കൈകാലുകളിലും അവര്‍ അടിച്ചതിനെ തുടര്‍ന്ന് വാര്‍ന്നൊഴുകിയ രക്തം തടയുന്നതിനു പ്ലാസ്റ്റര്‍ ഒട്ടിക്കുവാന്‍ ശ്രമിച്ചെങ്കിലും രക്തപ്രവാഹം നിലയ്ക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവത്രേ. അവന്‍ ഓടികളിക്കുന്നതിനിടയില്‍ വീണ് പരുക്കേറ്റതാണെന്നേ പറയാവൂ എന്ന് ആ കൂട്ടുകാരി അമ്മയോടു പറഞ്ഞതായി കുട്ടിയുടെ സഹോദരി കോടതിയില്‍ പറഞ്ഞു. എന്നാല്‍ പരുക്കിന്റെ രീതികള്‍ കണ്ട് ആശുപത്രി അധികൃതര്‍ക്ക് അത് വീഴ്ചയിലുണ്ടായ പരിക്ക് അല്ലെന്ന് സംശയം തോന്നിയതിനാല്‍ പോലീസില്‍ അറിയിക്കുകയും അവരെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
അമ്മയും അവരുടെ 25 കാരി സുഹൃത്തും ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. കുട്ടികള്‍ മൂവരും ഇപ്പോള്‍ മുത്തച്ഛനോടും മുത്തശ്ശിയോടും ഒപ്പമാണ് കഴിയുന്നത്. കുട്ടികളുടെ സ്വകാര്യതയെ മാനിച്ച് അമ്മയുടെയും കൂട്ടുകാരിയുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. വിചാരണ തുടരുകയാണ്.
https://www.facebook.com/Malayalivartha


























