തെരേസ മേ ഫോറിന്‍ സെക്രട്ടറിയായി ബോറിസ് ജോണ്‍സനെ നിയമിച്ചു

ടോറി എംപിമാരെയും രാഷ്ട്രീയ പ്രതിയോഗികളെയും മുന്‍ഗാമിയായ കാമറണിനെയും ഞെട്ടിച്ചാണ് പാര്‍ട്ടിയില്‍ ഏറ്റവും ജനകീയനായ ബോറിസ് ജോണ്‍സനെ തെരേസമേ ഫോറിന്‍ സെക്രട്ടറിയായി (വിദേശകാര്യ മന്ത്രി) നിയമിച്ചു. പറന്ന മുടിയും പതറിയ ശബ്ദവുമായി രാജ്യാന്തര വേദികളില്‍ ബോറിസ് ഇനി ബ്രിട്ടന്റെ പ്രതിരൂപമായി മാറും. ബ്രെക്‌സിറ്റില്‍ കാമറണിനെതിരെ പടനയിച്ച 'പിന്മാറണം' പക്ഷത്തിന്റെ നേതാവായിരുന്നു ബോറിസ്.
പിന്മാറണം പക്ഷത്തിന്റെ ശക്തരായ വക്താക്കളായിരുന്ന ഡേവിഡ് ഡേവിസ്, ഡോ. ലിയാം ഫോക്‌സ് എന്നിവരെയും ആദ്യദിനം രൂപീകരിച്ച ആറംഗ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പിന്മാറ്റത്തിനായി പ്രത്യേകം രൂപംകൊടുത്ത വകുപ്പിന്റെ ചുമതലയാണ് മുതിര്‍ന്ന നേതാവായ ഡേവിഡ് ഡേവിസിന്. പ്രധാനമന്ത്രിസ്ഥാനത്തേക്ക് മല്‍സരിച്ചവരില്‍ ഒരാളായ ഡോ. ലിയാം ഫോക്‌സിനു തന്ത്രപ്രധാനമായ രാജ്യാന്തര വാണിജ്യ വകുപ്പാണ് നല്‍കിയിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ നയതന്ത്രവ്യാപാര ഇടപാടുകള്‍ക്കും യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കുന്നത് അതിനു ചുക്കാന്‍ പിടിച്ചവര്‍ തന്നെയാകുമെന്ന് ചുരുക്കം.
മുന്‍ വിദേശകാര്യ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ഫിലിപ് ഹാമണ്ടാണ് പുതിയ ചാന്‍സിലര്‍ (ധനമന്ത്രി). മൈക്കിള്‍ ഫാലന്‍ പ്രതിരോധ സെക്രട്ടറിയായപ്പോള്‍ തെരേസ മേ ഇരുന്ന ആഭ്യന്തര സെക്രട്ടറിയുടെ കസേരയില്‍ എത്തിയത് മറ്റൊരു വനിതയാണ്, അംബര്‍ റുഡ്.
കാമറണിന്റെ വലംകൈയായിരുന്ന മുന്‍ ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണിനെയും നേതൃസ്ഥാനത്തേക്ക് തെരേസയ്‌ക്കെതിരെ അവസാന റൗണ്ടുവരെ മല്‍സരരംഗത്ത് ഉറച്ചുനിന്നു പോരാടിയ ആന്‍ഡ്രിയ ലെഡ്‌സമിനെയും മന്ത്രിമാരുടെ ആദ്യ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആന്‍ഡ്രിയയ്ക്കും ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ഉള്‍പ്പെടെയുള്ള മറ്റു വനിതകള്‍ക്കും മന്ത്രിസഭാ വികസനത്തില്‍ കാബിനറ്റില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.
വളരെ അപ്രതീക്ഷിതമായിരുന്നു ബോറിസ് ജോണ്‍സനെ വിദേശകാര്യ സെക്രട്ടറിയാക്കാനുള്ള തീരുമാനം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന പ്രചാരണത്തിന്റെ മുഖ്യ നേതൃത്വം ബോറിസ് ജോണ്‍സണായിരുന്നു. ബ്രെക്‌സിറ്റിനു ശേഷം കാമറണിന്റെ പിന്‍ഗാമിയാകുമെന്ന് ഏവരും കരുതിയിരുന്ന ബോറിസ് സ്വന്തം ചേരിയില്‍നിന്നുണ്ടായ രാഷ്ട്രീയ ചതിയെത്തുടര്‍ന്ന് പ്രധാനമന്ത്രിസ്ഥാനത്തേക്കു മല്‍സരിക്കാതെ മാറി നില്‍ക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നൂറോളം എംപിമാരുടെ പിന്തുണ ഉറപ്പായിരിക്കെയായിരുന്നു ഈ പിന്മാറ്റം. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കവേ പൊടുന്നനെ ബ്രെക്‌സിറ്റ് പക്ഷത്തെ മറ്റൊരു പ്രമുഖനായ മൈക്കിള്‍ ഗോവ് സ്വയം സ്ഥാനാര്‍ഥിയായി രംഗത്തു വരികയായിരുന്നു. ഇതേത്തുടര്‍ന്ന് മല്‍സരിക്കാതെ പിന്മാറിയ ബോറിസ് പിന്നീട് തെരേസയുടെ എതിര്‍ സ്ഥാനാര്‍ഥി ആന്‍ഡ്രിയയ്ക്ക് പിന്തുണ നല്‍കി. ബോറിസ് ആന്‍ഡ്രിയയെ പിന്തുണച്ചതോടെ മൈക്കിള്‍ ഗോവ് അവസാന റൗണ്ടിലെത്താതെ പുറത്താവുകയും ചെയ്തു.
പാര്‍ട്ടിയില്‍ ബോറിസിനുള്ള സ്വാധീനവും ബ്രെക്‌സിറ്റ് പക്ഷത്തിന്റെ ശക്തിയും തിരിച്ചറിഞ്ഞാണ് തെരേസ അദ്ദേഹത്തെ കാബിനറ്റിലെ തന്റെ വിശ്വസ്തനാക്കി മാറ്റുന്നത്. പുറത്തുനില്‍ക്കുന്ന ബോറിസ് അപകടകാരിയാകുമെന്ന തിരിച്ചറിവാണ് ഈ നിയമനത്തിനു പിന്നിലെ യഥാര്‍ഥ പ്രേരകശക്തി. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഭൂരിപക്ഷവികാരം മാനിക്കുന്നതുകൂടിയാണ് ഈ നിയമനം. ബോറിസിനെയും മറ്റ് ബ്രെക്‌സിറ്റ്പക്ഷ നേതാക്കളെയും മന്ത്രിമാരാക്കിയതിനെ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ പ്രത്യാശ നല്‍കുന്ന തീരുമാനമാണിതെന്നായിരുന്നു യുകെഐപി നേതാവ് നൈജല്‍ ഫെറാജിന്റെ പ്രതികരണം.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ ശേഷമാണ് വിടവാങ്ങല്‍ പ്രഖ്യാപനം നടത്തി ഡേവിഡ് കാമറണ്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിക്കു രാജി സമര്‍പ്പിച്ചത്. പിന്നീട് കൊട്ടാരത്തിലെത്തിയ പുതിയ പാര്‍ട്ടി നേതാവ് തെരേസ മേയെ മന്ത്രിസഭയുണ്ടാക്കാന്‍ എലിസബത്ത് രാജ്ഞി ക്ഷണിച്ചു.
അവസാന ചോദ്യോത്തര വേളയിലും പതിവു ശൈലിയില്‍ തമാശപറഞ്ഞും എതിരാളികളെ അടിച്ചിരുത്തിയും ഭരണപക്ഷത്തിന്റെ ആരവം ഏറ്റുവാങ്ങിയ ബ്രിട്ടന്റെ യുവ പ്രധാനമന്ത്രിക്ക് പക്ഷേ, ഒടുവില്‍ വാക്കുകളില്‍ കണ്ഠമിടറി. ബ്രിട്ടനെ കൂടുതല്‍ ശക്തമാക്കാന്‍ തനിക്കു കഴിഞ്ഞു എന്ന് ഉറക്കെ പ്രഖ്യാപിച്ചായിരുന്നു കാമറണിന്റെ പടിയിറക്കം.
ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കവും വികാര നിര്‍ഭരമായിരുന്നു. ഭാര്യ സാമന്തയ്ക്കും മക്കള്‍ക്കുമൊപ്പം മാധ്യമങ്ങള്‍ക്കു മുന്നിലെത്തി എല്ലാറ്റിനും എല്ലാവരോടും നന്ദി പറഞ്ഞ കാമറണ്‍ ഒടുവില്‍ ഭാര്യയെും മക്കളെയും ചേര്‍ത്തുപിടിച്ച് തിരിഞ്ഞുനോക്കാതെ നടന്നകന്നു. തെറ്റിപ്പോയ രാഷ്ട്രീയ തീരുമാനത്തില്‍ തലകുനിച്ചായിരുന്നു ആ മടക്കം.
https://www.facebook.com/Malayalivartha


























