അല്പം താമസിച്ചതിനാല്‍ ജീവന്‍ തിരിച്ചു കിട്ടി, ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ നിന്നും രക്ഷപെട്ട മലയാളി

ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്നും മലയാളി യുവാവ് രക്ഷപെട്ടു. നീസില്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ആഘോഷ പരിപാടികള്‍ക്കിടയിലേക്ക് ട്രാക്കോടിച്ചു കയറ്റി നടത്തിയ ഭീകരാക്രമണത്തില്‍ 84 പേര്‍ മരിച്ചിരുന്നു. നീസിലെ രാജ്യാന്തര ബിസിനസ് സ്‌കൂളായ എഡ്‌ഹെക്കില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായ സുബിന്‍ കൃഷ്ണയാണ് ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണു പഠനത്തിനായി തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ സുബിന്‍ കൃഷ്ണ ഫ്രാന്‍സിലെത്തിയത്.
നീസില്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായ വെടിക്കെട്ടു കാണാന്‍ സുബിന്‍ ഇറങ്ങിയത് അല്പം വൈകിയായിരുന്നു. നീസിലെ കടല്‍ത്തീര റോഡിലൂടെ പ്രധാന കേന്ദ്രത്തിന് അടുത്തെത്താറായപ്പോള്‍ കുറെപ്പേര്‍ എതിരെ ഓടിവരുന്നതാണു സുബിന്‍ കണ്ടത്. 'ഒരു ഭ്രാന്തന്‍ ട്രക്കിടിപ്പിച്ചു കൊല്ലാന്‍ വരുന്നുണ്ട്' എന്നു വിളിച്ചു പറഞ്ഞു കൊണ്ടാണ് ആളുകള്‍ ഓടി രക്ഷപ്പെട്ടത്. ആക്രമണസ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ആ സമയത് സുബിന്‍. എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ കുറച്ചു സമയം അവിടെ നിന്നതിനു ശേഷം ആള്‍ക്കൂട്ടത്തിന്റെ കൂടെ ഓടി രക്ഷപ്പെടുകയിരുന്നെന്നു സുബിന്‍ പറഞ്ഞു.
തിരികെ അപ്പാര്‍ട്‌മെന്റിലെത്തിയപ്പോഴും എന്താണ് നടന്നതെന്ന് വ്യക്തമായ ധാരണ ലഭിച്ചിരുന്നില്ല.
എഡ്‌ഹെക് ബിസിനസ് സ്‌കൂളിലെ മറ്റു രണ്ടു മലയാളി വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി അശ്വിനും പാലക്കാട് സ്വദേശി അജിത് നായരും വെടിക്കെട്ടു കാണാന്‍ സുബിനോടൊപ്പം വരാമെന്നു പറഞ്ഞെങ്കിലും തിരക്കു കാരണം അവരും എത്താതിരുന്നതിനാല്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെടുകയായിരുന്നു. തിരികെയെത്തി ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അവിടെ നടന്നത് ഭീകരാക്രമണമാണെന്നു മനസിലായത്.
ഭീകരാക്രമണം നടന്ന സ്ഥലത്തിനു തൊട്ടടുത്ത് കടല്‍ത്തീരത്തെ വിമാനത്താവളത്തോടു ചേര്‍ന്നാണ് എഡ്‌ഹെക് ബിസിനസ് സ്‌കൂള്‍. എഡ്‌ഹെക്കിലെ മറ്റു ചില വിദ്യാര്‍ഥികള്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ബീച്ച് റോഡിലുണ്ടായിരുന്നു. ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുന്നതു കണ്ട് അടുത്തുള്ള കഫെയില്‍ കയറിയ എഡ്‌ഹെക്കിലെ വിദ്യാര്‍ത്ഥികള്‍ വാട്‌സപ്പിലൂടെ നടത്തിയ ആശയ വിനിമയത്തിലൂടെയാണ് സുബിന് സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
https://www.facebook.com/Malayalivartha


























