അഫ്ഗാനിസ്ഥാനിൽ പോലീസ് പരിശീലനകേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം: 33 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിൽ പോലീസ് പരിശീലനകേന്ദ്രത്തിൽ താലിബാൻ ഭീകരർ നടത്തിയ ചാവേർ ബോംബ് ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗർദേസിലെ പോലീസ് ട്രെയിനിംഗ് സെന്ററിലായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാർ സ്ഫോടനം നടത്തിയ ശേഷമാണ് ഭീകരർ ട്രെയിനിംഗ് സെന്ററിനു നേരെ ആക്രമണം നടത്തിയത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ട്രെയിനിംഗ് സെന്ററിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ നിരവധി ഭീകരർ വെടിവയ്പ് ആരംഭിച്ചു. പോലീസ് നടത്തിയ തിരിച്ചടിയിൽ ആറു ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ മണിക്കൂറുകളോളം തുടർന്നു. സ്ത്രീകളും വിദ്യാർഥികളും പോലീസുകാരുമുൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha
























