മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല പുതിയ വെളിപ്പെടുത്തലുകളുമായി കുട്ടിയെ ദത്തു നൽകിയ അനാഥാലയ ഉടമ

അമേരിക്കയിലെ വടക്കൻ ടെക്സാസിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന് ആഹാരം കഴിക്കുന്നതിന് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയെ ദത്തു നൽകിയ അനാഥാലയ ഉടമ ബബിതാ കുമാരി.
കുട്ടിക്ക് പോഷകാഹാര കുറവുണ്ടെന്നും അതിനാൽ കുടിക്കാൻ പാൽ നൽകിയിരുന്നുവെന്നും കുട്ടിയുടെ വളർത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്ലി മാത്യൂസ് പൊലീസിന് മൊഴി നൽകിയിരുന്നു.
എന്നാൽ, കുട്ടി പൂർണ ആരോഗ്യവതിയായിരുന്നെന്ന് ബീഹാറിലെ നളന്ദ അനാഥാലായത്തിന്റെ ഉടമ ബബിതാകുമാരി പറഞ്ഞു. ഷെറിനെ ദത്തെടുക്കാനെത്തിയപ്പോൾ വെസ്ലിയും ഭാര്യ സിനിയും കുഞ്ഞിനോട് നല്ല സ്നേഹമാണ് കാണിച്ചത്. അനാഥാലയത്തിൽ ആയിരുന്നപ്പോൾ പാല് കുടിക്കാനോ ആഹാരം കഴിക്കാനോ കുട്ടി ബുദ്ധിമുട്ടുകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ സ്ഥാപനം ഒന്നരമാസം മുന്പ് അടച്ചുപൂട്ടിയിരുന്നു.
പാൽ കുടിക്കാത്തതിന് ശിക്ഷയായി വീടിനുപുറത്തുള്ള മരച്ചുവട്ടിൽ നിറുത്തിയ ഷെറിനെ കാണാതായെന്നാണ് വെസ്ലിയുടെ ആദ്യമൊഴി. എന്നാൽ ഷെറിന്റെ മൃതദേഹം കിട്ടിയതോടെ ഇയാൾ മൊഴിമാറ്റി. നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോൾ ഷെറിൻ മരിച്ചെന്നാണ് വെസ്ലിയുടെ പുതിയ മൊഴി. പാൽ കുടിക്കുന്നതിനിടെ ഷെറിന് ചുമയും ശ്വാസതടസവും ഉണ്ടായെന്നും അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നുകരുതി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നെന്നും മൊഴിയിൽ പറയുന്നു. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഈമാസം ഏഴിന് കാണാതായ ഷെറിന്റെ മൃതദേഹം വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഓടയിൽ നിന്ന് ഞായറാഴ്ച നായ്ക്കളുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെടുത്തത്. ഷെറിൻ വീട്ടിൽ വച്ചുതന്നെ മരിച്ചതായി തെളിയിക്കുന്ന ഡി.എൻ.എ സാംപിളുകൾ വെസ്‌ലിയുടെ കാറിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha
























