ഹാലോവീന്‍ ആഘോഷം പൊടിപൊടിക്കാൻ ബഹിരാകാശത്തെ പേടിപ്പിക്കുന്ന ഗംഭീര ശബ്ദങ്ങളുമായി നാസ

പാശ്ചാത്യരുടെ ഹാലോവീന്‍ ആഘോഷത്തിൽ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും പങ്കുചേരുകയാണ്. ബഹിരാകാശത്തെ ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍ പുറത്ത് വിട്ടാണ് നാസയുടെ ഹാലോവീന്‍ ആഘോഷം.
പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബര്‍ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളില്‍ കൊണ്ടാടുന്ന ഒരു വാര്‍ഷികോത്സവമാണ് ഹാലോവീന്‍ അഥവാ ഓള്‍ ഹാലോസ് ഈവ്. ഇംഗ്ലീഷില്‍ വിശുദ്ധന്‍ എന്നര്‍ത്ഥമുള്ള ഹാലോ, വൈകുന്നേരം എന്നര്‍ത്ഥമുള്ള ഈവനിങ് എന്നീ പദങ്ങളില്‍നിന്നാണിത് രൂപംകൊണ്ടത്.
വീടുകള്‍ക്ക് മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങള്‍, മത്തങ്ങ ഉപയോഗിച്ചുള്ള തല,കാക്ക,എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങള്‍ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിര്‍ന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും കുട്ടികള്‍ ഓരോ വീടുകളിലും പോയി 'ട്രിക്ക് ഓര്‍ ട്രീറ്റ്' എന്ന് ചോദിക്കുകയും ചെയ്യാറുണ്ട്.

ഭീകരരൂപങ്ങള്‍ കെട്ടി തെരുവ് കീഴടക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് കിടിലന്‍ ബാക്ക്ഗ്രൗണ്ട് ശബ്ദമാണിവയെന്നാണ് നാസ പറയുന്നത്. ബുധന്‍റെ അന്തരീക്ഷ അലര്‍ച്ചയും, സൂര്യന്‍റെ ശബ്ദവും അടക്കം ഗംഭീര ശബ്ദങ്ങളാണ് യൂട്യൂബിലും സൗണ്ട് ക്ലൗഡിലേയും നാസ പുറത്ത് വിട്ടിരിക്കുന്നത്. നാസയുടെ വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രകാരന്മാരാണ് ഈ ശബ്ദങ്ങള്‍ ശേഖരിച്ചത്. നാസയുടെ ജൂനോ ബഹിരാകാശ വാഹനം പിടിച്ചെടുത്ത ശബ്ദങ്ങളാണ് പൊതുവായി ഈ പുറത്തുവിട്ട ശബ്ദങ്ങളില്‍ ഉള്ളത്.
https://www.facebook.com/Malayalivartha
























