ബാലിയില്‍ അഗ്‌നി പര്‍വതം സജീവമായി പുകയുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശം, സുരക്ഷാഭീഷണിയെ തുടര്‍ന്ന് വിമാനത്താവളം അടച്ചു

ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ മൗണ്ട് അഗൗങ് അഗ്‌നിപര്‍വതം സ്‌ഫോടനത്തിന്റെ വക്കില്‍. അഗ്‌നി പര്‍വതം സജീവമായി പുകയുന്നതിനാല്‍ ഏതുസമയവും സ്‌ഫോടനം പ്രതീക്ഷിക്കുകയാണ് അധികൃതര്‍. രാജ്യത്താകെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. സുരക്ഷാഭീഷണി മൂലം ബാലി വിമാനത്താവളം അടച്ചു. ഇതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ഇന്തോനേഷ്യയില്‍ കുടുങ്ങിയിരിക്കുകയാണ്.
അഗ്‌നി പര്‍വതത്തില്‍ നിന്ന് 3400 മീറ്റര്‍ ഉയരത്തില്‍ കറുത്ത പുക വരുന്നുണ്ട്. പര്‍വതത്തില്‍ നിന്നുയരുന്ന പുകയും ചാരവും വിമാനത്താവളം വരെ എത്തിയതോടെയാണ് സര്‍വീസുകള്‍ റദ്ദാക്കി വിമാനത്താവളം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. നൂറോളം വിമാനങ്ങള്‍ റദ്ദാക്കുകയും ഏഴു വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. അഗ്‌നിപര്‍വതത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരോട് ഉടനടി മാറിത്താമസിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലകള്‍ അഗ്‌നിപര്‍വതത്തില്‍ നിന്ന് വളരെ ദൂരെയാണെങ്കിലും പുകയും ചാരവും മൂലം വിമാനത്താവളം അടച്ചതാണ് സഞ്ചാരികളെ വലച്ചത്. ചൊവ്വാഴ്ച രാവിലെ വരെ വിമാനത്താവളം തുറക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ചൊവ്വാഴ്ച സര്‍വ്വീസ് പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























