അഗുംഗ് അഗ്നിപര്‍വ്വതം വീണ്ടും പുകയുന്നു ; ബാലിയില്‍ വിമാനത്താവളം അടച്ചിട്ടു ; അഗ്നിപര്‍വതത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ അഗുംഗ് പര്‍വതം വീണ്ടും പുകയാന്‍ തുടങ്ങി.അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ജനങ്ങള്‍. ഇതേത്തുടര്‍ന്ന് അഗ്നിപര്‍വതത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി.
കഴിഞ്ഞയാഴ്ചയാണ് അഗ്നിപര്‍വതം പുകയാന്‍ തുടങ്ങിയത്. ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയും അഗ്‌നിപര്‍വതം പുകഞ്ഞുതുടങ്ങിയതിനെ തുടര്‍ന്ന് ബാലിയിലെ നഗുറ റായ് രാജ്യാന്തര വിമാനത്താവളം അടച്ചു. ഇതേത്തുടര്‍ന്ന് 400ഓളം വിമാനങ്ങള്‍ റദ്ദാക്കുകയും ഏഴോളം വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെത്തിയ അര ലക്ഷത്തിലേറെ വിനോദ സഞ്ചാരികളും യാത്രക്കാരും കുടുങ്ങി. അഗ്നിപര്‍വതത്തില്‍ നിന്നുയരുന്ന ചൂടും പുകയും വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലാക്കാനും പൈലറ്റിന്‍റെ കാഴ്ച മറയ്ക്കാനും കാരണമുണ്ടെന്നതിനാലാണ് വിമാനത്താവളം അടച്ചത്.
രാജ്യത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുത, സെമിന്യാക് എന്നിവിടങ്ങളില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അഗ്നിപര്‍വതമുള്ളത്. അഗ്നിപര്‍വതത്തില്‍ നിന്ന് പുകയും ചാരവും അതോടൊപ്പം ലാവയുടെ അഗ്നിയും ഉയര്‍ന്നു തുടങ്ങിയതായി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ഇതുകൂടാതെ, പാറക്കഷണങ്ങളുടെയും ജലത്തിന്റെയും മിശ്രിതം പര്‍വതത്തിന്റെ മുകളില്‍ നിന്ന് ഒഴുകിവരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.1963 ല്‍ അഗുങില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് 1,100 ഓളം പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha























