പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വാഹന പ്രചാരണ ക്യാംപയിന്

പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യവുമായി പകര്‍ച്ചവ്യാധി പ്രതിരോധത്തിനെതിരെ സംസ്ഥാന വ്യാപകമായുള്ള വാഹന പ്രചാരണ ക്യാംപയിന് തിരുവന്തപുരത്ത് തുടക്കമായി. ദേശീയ ആരോഗ്യ ദൗത്യവുമായി സഹകരിച്ച് ഗ്രാഡിയാസോ ഇവന്റ് മാനേജ്‌മെന്റാണ് മഴക്കാല രോഗ ബോധവല്‍ക്കരണ പ്രതിരോധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാഹന പ്രചാരണ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്ന് മന്ത്രി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനം സമൂഹത്തിന്റെ ഓരോ പൗരന്റേയും കടമയാണ്. വീട്ടിനകത്തും പുറത്തുമുള്ള കൊതുകിന്റെ നിര്‍മാര്‍ജനത്തിലൂടെയെ പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
രണ്ട് വാഹനങ്ങളിലാണ് പ്രതിരോധ പ്രചാരണ ക്യാംപയിന്‍ നടത്തുന്നത്. ക്യാമ്പയിന്‍ ബ്രാന്‍ഡ് ചെയ്ത വാഹനമുള്‍പ്പെടെയുള്ള ടീം സംസ്ഥാനത്തുടനീളം 14 ദിവസങ്ങളിലായി സഞ്ചരിക്കും. എല്ലാ ജില്ലകളിലും ഓരോ ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ഓരോ ജില്ലയിലും പ്രധാന നഗര കേന്ദ്രങ്ങളിലും, തിരഞ്ഞെടുത്ത 5 സ്‌കൂളുകളിലും ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, ആരോഗ്യ സന്ദേശങ്ങള്‍ അടങ്ങിയ ഐ.ഇ.സി. വിതരണം, ആരോഗ്യ സന്ദേശങ്ങളുടെ വീഡിയോ പ്രദര്‍ശനം തുടങ്ങിയ കാര്യങ്ങളും പരിപാടിയുടെ ഭാഗമായി നടത്തുന്നുണ്ട്.
മഴക്കാലം മാത്രം ലക്ഷ്യം വെയ്ക്കാതെ, എല്ലായ്‌പോഴും നമ്മുടെ ആരോഗ്യത്തെപ്പറ്റിയും ഒപ്പം നമ്മുടെ പരിസര ശുചീകരണത്തെപ്പറ്റിയും ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധവാന്മാരാക്കുക എന്നതും ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതും ക്യാംപയിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്നാണ്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രേയ്‌സോ ഡയറക്ടര്‍ ദിലീപ്, ഡോ. അരുണ്‍ പി.വി., ഡോ. ശ്രീഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























